ലഖ്‌നൗ: ഹത്രാസില്‍ കൂട്ടമാനഭംഗത്തിന് ഇരായായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ ഉത്തരവിട്ട് യുപി സര്‍ക്കാര്‍. പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന റിപ്പോര്‍ട്ട് വിമര്‍ശനങ്ങള്‍ക്ക് വിഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം നുണ പരിശോധന നടത്താന്‍ ഉത്തരവിറക്കിയിരിക്കുന്നത്.
കേസ് തെറ്റായി കൈകാര്യം ചെയ്‌തെന്നാരോപിച്ച് എസ്.പി അടക്കം അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ യുപി സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിരുന്നു. കേസില്‍ വിഴ്ച വരുത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്.പി വിക്രാന്ത് വീര്‍, ഡി.എസ്.പി റാം ഷബ്ദ്, ഇന്‍സ്പെക്ടര്‍ ദിനേഷ് കുമാര്‍ വര്‍മ, എസ്.ഐ ജയ് വീര്‍ സിംഗ്, ഹെഡ് കോണ്‍സ്റ്റബിള്‍ മഹേഷ് പാല്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഹത്രാസ് സംഭവത്തിലെ പൊലീസിന്റെ തെറ്റായ ഇടപെടല്‍ വിവാദമായതോടെ തങ്ങളുടെ മുഖം രക്ഷിക്കാനാണ് യുപി പോലീസ് ഇവരെ സസ്‌പെന്റ് ചെയ്തതെന്ന് വിമര്‍ശകര്‍ പ്രതികരിച്ചു.
അതേസമയം പൊണ്‍കുട്ടിയുടെ കുടുംബം കനത്ത പോലീസ് വലയത്തിലാണ്. കുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെയും അഭിഭാഷകരെയും അനുവദിക്കാതിരുന്നത് വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിഴിവച്ചിരുന്നു.