ലഖ്‌നൗ: ഹത്രാസ് കൂട്ടബലാത്സംഗത്തില്‍ യുപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അലിവില്ലാത്ത സര്‍ക്കാര്‍ പെണ്‍കുട്ടിയെ കൊന്നതാണെന്നും സോണിയ തുറന്നടിച്ചു. ഹത്രാസില്‍ 19 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്.
സോണിയ ഗാന്ധിയുടെ വാക്കുകള്‍
ജീവിച്ചിരുന്നപ്പോള്‍ അവളെ സംരക്ഷിക്കാനോ, കേള്‍ക്കാനോ തയ്യാറായില്ല. മരണാനന്തരം അവള്‍ക്ക് സ്വന്തം വീടും നിഷേധിക്കപ്പെട്ടു. കുടുംബത്തിന് കൈമാറാനോ, മകളെ നഷ്ടപ്പെട്ട വിഷമത്തില്‍ കഴിയുന്ന അമ്മക്ക് അന്ത്യയാത്രാമൊഴിക്കോ അവസരം നല്‍കിയില്ല. മഹാപാതകമാണ് ഇതെല്ലാം. അവളുടെ ആത്മാഭിമാനം തകര്‍ക്കുകയും അനാഥയെപ്പോലെ മരണാനന്തര കര്‍മ്മങ്ങള്‍ നടത്തുകയും ചെയ്തു. എന്ത് നീതിയാണ് ഇവരുടേത്. എന്ത് സര്‍ക്കാരാണ് ഇത്. രാജ്യത്ത് എന്തും ചെയ്യാമെന്നാണോ നിങ്ങള്‍ കരുതുന്നത്. നിങ്ങളുടെ അനീതിക്കെതിരെ രാജ്യം സംസാരിച്ച് തുടങ്ങുമെന്ന് ഓര്‍ക്കുക.