ലഖ്‌നൗ: ഹത്രാസില്‍ ബലാത്സംഗത്തിന് ഇരയായി മരിച്ച ദളിത് പെണ്‍കുട്ടി ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആക്രമണത്തില്‍ നട്ടെല്ല് തകര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെ അവസാനം ചികിത്സിച്ച ഡല്‍ഹിയിലെ ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്.
പെണ്‍കുട്ടിയുടെ നട്ടെല്ലിന് കാര്യമായ ക്ഷതം സംഭവിച്ചെന്നും ക്ഷതം സംഭവിച്ച സ്ഥലത്ത് രക്തസ്രാവം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത് മരണകാരണം ആയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരികാവയവങ്ങളുടെ കെമിക്കല്‍ റിപ്പോര്‍ട്ട് വന്നാല്‍ മരണ കാരണം സ്ഥിരീകരിക്കാം.
അതേസമയം പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും മറ്റ് പ്രധാന സാമ്പിളുകള്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലം പ്രത്യേക അന്വേഷണ സംഘം സന്ദര്‍ശിച്ചതായി ഉദ്യോഗസ്ഥന്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളില്‍ നിന്ന് വീണ്ടും മൊഴിയെടുക്കും.
സെപ്റ്റംബല്‍ 14 ന് ക്രൂരമായ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ അനുവാദമില്ലാതെ പോലീസ് നിര്‍ബന്ധിച്ച് സംസ്‌കരിച്ചത് പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.











