ന്യൂഡല്‍ഹി: ഹത്രാസ് കേസില്‍ സാക്ഷികളെ സംരക്ഷിക്കാന്‍ നടപടിയുണ്ടോ എന്ന് സുപ്രീംകോടതി. കുടുംബം അഭിഭാഷകരെ നിയോഗിച്ചോ എന്നും കോടതി ചോദിച്ചു. രണ്ട് കാര്യത്തിലും യു.പി സര്‍ക്കാര്‍ ഒരാഴ്ച്ചയ്ക്കകം സത്യവാങ്മൂലം നല്‍കണം. കുടുംബം നിയോഗിച്ചില്ലെങ്കില്‍ കോടതി അഭിഭാഷകനെ നല്‍കുമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു.
ഹത്രാസ് കേസ് ഞെട്ടിക്കുന്നതും അസാധാരണവും ഭീകരവുമാണെന്ന് സുപ്രീംകോടതി പറഞ്ഞു. കോടതിയുടെ ശക്തമായ ഇടപെടല്‍ കേസിലുണ്ടാകുമെന്ന സന്ദേശമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷതയിലുള്ള ബെഞ്ച് നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് തെറ്റായ പല അഭ്യൂഹങ്ങളും വ്യാഖ്യാനങ്ങളും പ്രചരിക്കുന്നതായി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. അത് ഒഴിവാക്കുന്നതിനായി കോടതി മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം എന്ന ആവശ്യം പിന്തുണയ്ക്കുന്നതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ ഉന്നാവോ കേസിലെ പോലെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ഇന്ദിര ജയ്‌സിംഗ് കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരെ പട്ടികജാതി- പട്ടിക വര്‍ഗ്ഗ നിയമ പ്രകാരം കേസ് എടുക്കണമെന്നും ജയ്സിംഗ് വാദിച്ചു.
അതേസമയം, ഹത്രാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് വിധേയമായിട്ടില്ലെന്ന് വ്യക്തമാക്കിയ സത്യവാങ്മൂലം യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. കലാപം ഒഴിവാക്കാനാണ് മാതാപിതാക്കളെ അറിയിച്ച ശേഷം രാത്രി മൃതദേഹം സംസ്‌കരിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേസില്‍ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി അടുത്ത ആഴ്ച്ചത്തേക്ക് മാറ്റി.











