ലഖ്‌നൗ: ഹത്രാസ് പീഡനക്കേസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പെണ്‍കുട്ടിയുടെ ബന്ധു ഭയന്നോടി. പതിനഞ്ചുകാരനാണ് രഹസ്യമായെത്തിയത്. കുടുംബത്തിന് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി. പിന്നാലെ പോലീസെത്തി കുട്ടിയുടെ മാസ്‌ക് വലിച്ചൂരുകയും തള്ളിമാറ്റുകയും ചെയ്തു. ഭയന്ന് വിറച്ച് കുട്ടി അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ചാണ് കുട്ടി മാധ്യമങ്ങളെ കാണാനെത്തിയത്.
പീഡനത്തിനിരയായ കുട്ടിയുടെ കുടുംബം ഇപ്പോഴും പോലീസ് വലയത്തിലാണ്. അവരെ വീടിനകത്ത് പൂട്ടിയിട്ടിരിക്കുകയാണ്. എല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചുവെച്ചിരിക്കുകയാണെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.
വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ നടന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉള്ള ഭാഗത്തേക്ക് കുട്ടി എത്തുകയായിരുന്നു. കുട്ടിക്കൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ മകനാണ് പയ്യനെന്ന് സുഹൃത്ത് മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു. അവന് ചില കാര്യങ്ങള്‍ പറയാനുണ്ട്. ദയവ് ചെയ്ത് നിങ്ങള്‍ കേള്‍ക്കണം എന്നാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പോലീസിന്റെ കണ്‍വെട്ടത്ത് നിന്നും കുട്ടിയെ മാറ്റിനിര്‍ത്തി വാഹനങ്ങളുടെ മറവില്‍ ആ കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. പുറംലോകവുമായി കുടുംബത്തിന് ഒരു തരത്തിലുള്ള ബന്ധവും വെയ്ക്കാത്ത തരത്തില്‍ പോലീസ് വലയം സൃഷ്ടിച്ചിരിക്കുകയാണെന്നും വീട്ടിലെ ഒരംഗത്തിനെ പോലീസ് മര്‍ദിച്ചെന്നും കുട്ടി പറഞ്ഞു. കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് വന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തിയെന്നും കുട്ടി മാധ്യമങ്ങളെ അറിയിച്ചു. പോലീസെങ്ങാനും വരുന്നുണ്ടോ എന്ന പേടിയിലാണ് അവന്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
പെട്ടെന്ന് തന്നെ പോലീസുകാര്‍ പാഞ്ഞെത്തുകയും അവനെ പിടിക്കുകയും ചെയ്തു. എന്നാല്‍ കുട്ടി മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റി പാടവരമ്പത്ത് കൂടി ഓടി രക്ഷപ്പെടുകയായിരുന്നു.