തിരുവനന്തപുരം: സംസ്ഥാനത്ത് 200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍കൂടി ശുചിത്വ പദവിയിലേക്ക് എത്തുന്നു. ആദ്യ ഘട്ടത്തില്‍ ശുചിത്വ പദവി നേടിയ 589 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുറമേയാണിത്. ഇത് സംബന്ധിച്ച പ്രഖ്യാപനം 24ന് വൈകിട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിക്കും. ഇതോടൊപ്പം 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പൂര്‍ത്തീകരിച്ച വഴിയിടം ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിക്കും.
12 ഇന പരിപാടിയില്‍ 500 ഗ്രാമപഞ്ചായത്തുകളെയും 50 നഗരസഭകളെയും ശുചിത്വ പദവിയില്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍കേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷന്‍ എന്നിവ സംയുക്തമായി ആവിഷ്‌കരിച്ച നടപടിക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്‌കരണത്തില്‍ മികവു തെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തിരഞ്ഞെടുത്തത്. ആകെ 789 തദ്ദേശ സ്ഥാപനങ്ങളാണ് ഇതുവരെ നേട്ടം കൈവരിച്ചത്.
ഖരമാലിന്യത്തിന് പുറമേ ദ്രവ-വാതക മാലിന്യ സംസ്‌കരണ മാര്‍ഗ്ഗങ്ങളുള്‍പ്പെടെ ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ സകല ഘടകങ്ങളും പ്രാവര്‍ത്തികമാക്കുമ്പോഴാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ശുചിത്വ പദവി നല്‍കുന്നത്. ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കുക, അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക, അജൈവ മാലിന്യ ശേഖരണത്തിന് ഹരിതകര്‍മ്മസേനയുടെ സേവനവും സൂക്ഷിക്കുന്നതിന് മെറ്റീരിയല്‍ കളക്ഷന്‍ സംവിധാനവും ഒരുക്കുക, പൊതു സ്ഥലങ്ങള്‍ മാലിന്യമുക്തമാക്കുക, സര്‍ക്കാര്‍ ഓഫീസുകളിലും പൊതു സ്വകാര്യ ചടങ്ങുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുക തുടങ്ങി 20 നിബന്ധനകള്‍ സൂചകങ്ങളായി നിശ്ചയിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിച്ചാണ് ശുചിത്വ പദവി നിര്‍ണ്ണയം നടത്തിയത്.