മലയാളത്തിലെ യുവഗായകരില്‍ ഒരാളാണ് ഹരിശങ്കര്‍, ജീവാംശമായി എന്ന ഗാനത്തിലൂടെ യുവമനസ്സുകള്‍ കീഴടക്കിയ ഗാഗയകന്‍ ആദ്യം തെരഞ്ഞെടുത്ത പ്രൊഫഷന്‍ മെഡിക്കല്‍ ഫീല്‍ഡാണ്. കച്ചേരികള്‍ ചെയ്യുമ്പോഴും ഡോക്ടര്‍ ആകണമെന്ന ആഗ്രഹത്തിന് പിന്നാലെയായിരുന്നു ഹരിശങ്കര്‍. തുടര്‍ന്നാണ് സിനിമാ മേഖലയിലേക്കുള്ള പ്രവേശനം. ഈ യാത്രയെക്കുറിച്ച് ഹരിശങ്കര്‍ ‘ദി ഗള്‍ഫ് ഇന്ത്യന്‍സി’നോട് പറഞ്ഞത് ഇങ്ങനെ:
കര്‍ണാടക സംഗീതജ്ഞരായ എല്ലാവര്‍ക്കും മറ്റൊരു പ്രൊഫഷന്‍ കൂടി കാണും. കച്ചേരി ചെയ്യുന്നവര്‍ക്ക് എന്നും പരിപാടികള്‍ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ മറ്റൊരു ജോലി അത്യാവശ്യമാണ്. എനിക്ക് കച്ചേരിയില്‍ നിന്നും വരുമാനം ഉണ്ടാക്കണമെന്ന ആഗ്രഹം ഉണ്ടായിട്ടില്ല. പഠിക്കാന്‍ അത്ര മോശമല്ലാത്തത് കൊണ്ട് എന്‍ട്രന്‍സ് എഴുതി ഡെന്റിസ്ട്രിയിലേക്ക് പോയി. ഡോക്ടറാകണമെന്നത് പണ്ട് മുതല്‍ക്കുള്ള ആഗ്രഹമായിരുന്നു. പഠനത്തിന്റെ മൂന്നാം വര്‍ഷമായപ്പോഴേക്കും സ്‌റ്റേജിലൊക്കെ പാടാന്‍ ആഗ്രഹമായി. ഒരുപാട് ഗായകരുടെ ലൈഫ് പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ അവരെപ്പോലെ തനിക്കും മ്യൂസിക് ബാന്‍ഡ് ഉണ്ടാക്കണമെന്ന് ആഗ്രഹിച്ചു. പിന്നീട് ആണ് സിനിമയിലേക്കുള്ള പ്രവേശനം.
യുവ സംഗീത സംവിധായകര്‍ക്കൊപ്പമാണ് കൂടുതല്‍ വര്‍ക്ക് ചെയ്യുന്നത്. സമപ്രായക്കാരായതുകൊണ്ട് ഫ്രണ്ട്‌ലി ആയും സ്വാതന്ത്ര്യത്തോടെയും വര്‍ക്ക് ചെയ്യാന്‍ കഴിയുന്നുണ്ട്. എനിക്ക് കിട്ടുന്ന മിക്ക പാട്ടുകളും രാഗം ചേര്‍ന്നുള്ളതാണ്. കാമിനി, പവിഴമഴയേ തുടങ്ങിയ ഗാനങ്ങളെല്ലാം അത്തരത്തിലുള്ളതാണ്. കിട്ടുന്ന ഗാനങ്ങളിലെല്ലാം രാഗം ഉള്‍പ്പെടുത്താന്‍ ശ്രമിക്കാറുണ്ട്.
ജീവാംശമായി…
ജീവാംശമായി എന്നത് എന്റെ കരിയറില്‍ ബ്രേക്ക് കിട്ടിയ ഗാനമാണ്. ശ്രേയാ ഘോഷാല്‍, പ്രഗത്ഭ സംഗീതജ്ഞര്‍ എന്നിവര്‍ക്കൊപ്പം തനിക്കും ഭാഗമാകാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്. കൂടാതെ അച്ഛന്‍ അവസാനമായി കേട്ട പാട്ടാണത്. തീരെ വയ്യാത്ത സമയമായിരുന്നു പാട്ട് പുറത്തിറങ്ങിയത് പാട്ട് കേട്ട് കൊള്ളാം എന്ന് അച്ഛന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ഈ പാട്ട് അത്ര പ്രിയപ്പെട്ടതാണ്.
ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയതും ഈ ഗാനത്തിലൂടെയാണ്. മുപ്പത് വയസ്സിന് താഴെയുള്ളവരാണ് എന്നെ കൂടുതല്‍ തിരിച്ചറിയുന്നത്. ചിലപ്പോള്‍ അവരിലൊരാളായി പാടുന്നത് കൊണ്ടാകാം. അവര്‍ സംസാരിക്കാന്‍ വരുന്നതും സെല്‍ഫിയെടുക്കുന്നതുമൊക്കെ ഒരു സന്തോഷമാണ്.ഇപ്പോഴും റസ്‌റ്റോറന്റിലോ മറ്റും പോയാല്‍, ആളുകള്‍ നമ്മുടെ ജീവാംശമായി ആണ് അത് എന്ന് പറയാറുണ്ട്.