കോവിഡ് കാലത്ത് ചിരി നിറയ്ക്കാൻ കുഞ്ഞേ എന്തിനീ..അകലം വെബ് സീരീസ് ഏറ്റെടുത്ത് ആരാധകർ.ഹരീഷ് – നിര്‍മല്‍ കോംബോ കോമഡി എന്ന പേരില്‍ കാലിക്കട്ട് വി ഫോര്‍ യുവിന്‍റെ ബാനറില്‍ ഒരുക്കുന്ന പരമ്പരയിലെ ആദ്യഭാഗം യൂടൂബില്‍ റിലീസ് ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോട് മുഖം തിരിക്കുന്ന മലയാളിയുടെ മുട്ടാപോക്ക് ന്യായങ്ങളാണ് ഹാസ്യതകമായി സീരീസ് അവതരിപ്പിക്കുന്നത്.
വൈറസ് ഭീതിയിൽ വീട്ടിലിരിക്കുന്ന മലയാളികളെ ചിരിപ്പിക്കുന്നതോടൊപ്പം കൊവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ചാലുണ്ടാവുന്ന പ്രശ്‌നങ്ങളെ പറ്റി ചിന്തിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് ഈ ചിരി ചിത്രം. നാലരലക്ഷത്തിലേറെ പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരങ്ങള്‍ ഹരീഷ് കണാരനും നിര്‍മല്‍ പാലാഴിയുമാണ് ചിത്രത്തിൽ പ്രധാന കഥാപത്രങ്ങൾ .
കൊവിഡ് എന്ന മഹാമാരിയെ പിടിച്ച് കെട്ടാന്‍ സര്‍ക്കാരും ആരോഗ്യവകുപ്പും മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ലംഘിക്കുമ്പോള്‍ അപകടത്തിലാവുന്നത് അവനവന്റെ ജീവനാണ് എന്നതാണ് ചിത്രം നല്‍കുന്ന സന്ദേശം. കൊവിഡ് കാരണം നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസിയായി നിര്‍മലും ക്വാറന്റീന്‍ നിയമങ്ങളും നിര്‍ദേശങ്ങളും ലംഘിക്കാന്‍ നിര്‍ബന്ധിക്കുന്ന സുഹൃത്തായി ഹരീഷ് കണാരനുമാണ് വേഷമിട്ടിരിക്കുന്നത്.
രാജീവ് വി ഫോര്‍ യുവാണ് വെബ്‌സീരിസിന്‍റെ സംവിധായകന്‍. കലാഭവന്‍ പ്രദീപ് ലാലിന്‍റേതാണ് സ്‌ക്രിപ്റ്റ്. അഷ്‌റഫ് പാലാഴി ക്യാമറയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ഡൊമിനിക് മാര്‍ട്ടിന്‍ (പശ്ചാത്തസംഗീതം), ഗോകുല്‍കൃഷ്ണ തുടങ്ങിയവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.