എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്നും രാജിവെച്ച നടി പാര്‍വതി തിരുവോത്തിനെ പിന്തുണച്ച് ഹരീഷ് പേരടി.നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ താനിന്ന് കണ്ടെന്നും ഇടവേള ബാബു പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്നും ഹരീഷ് പേരടി ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്കിലൂടെയാണ് താരം അഭിപ്രായം പങ്കുവെച്ചത്.
എഎംഎംഎ നിര്‍മിച്ച ആദ്യചിത്രമായ ട്വന്റി 20യുടെ രണ്ടാം ഭാഗമാണു പുതിയ സിനിമയെങ്കില്‍, പ്രസ്തുത നടിയെ അഭിനയിപ്പിക്കുമോയെന്ന ചോദ്യത്തിനു ബാബു നല്‍കിയ മറുപടിയില്‍ നടിയെ മരിച്ചയാളുമായി താരതമ്യപ്പെടുത്തിയെന്നാണ് നിലവില്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്.
‘ട്വന്റി20 യില്‍ ആ നടി ചെയ്ത കഥാപാത്രം മരിക്കുകയാണ്. മരിച്ചവരെ തിരിച്ചു കൊണ്ടുവരാന്‍ കഴിയില്ലല്ലോ? ആ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുത്താല്‍ എങ്ങനെ ആ കഥാപാത്രമുണ്ടാകും. അമ്മയില്‍ തന്നെ നാനൂറിലേറെ അംഗങ്ങളുണ്ട്. അവരെയെല്ലാം പുതിയ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. മാത്രമല്ല, ആ നടി ഇപ്പോള്‍ അമ്മയില്‍ അംഗവുമല്ല. അക്കാര്യമല്ലാതെ മോശമായി ഒന്നും പറഞ്ഞിട്ടില്ല’- ഇങ്ങനെയാണ് ബാബു ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ഹരീഷ് പേരടിയുടെ വാക്കുകള്‍
ഞാനിന്ന് ഒരു പെണ്‍കുട്ടിയേ കണ്ടു…നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ…അഭിവാദ്യങ്ങള്‍ …മരിച്ചു പോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരവിച്ചുപോയ മനസ്സുള്ളവര്‍ക്ക് മാത്രമെ മനസ്സിലാക്കാന്‍ പറ്റാതെ പോവുകയുള്ളു….
തെറ്റുകള്‍ ആര്‍ക്കും പറ്റാം..ബോധപൂര്‍വ്വമല്ലാത്ത നാക്കുപിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്…എന്ന് – അഭിപ്രായങ്ങള്‍ ആര്‍ക്കും പണയം വെക്കാത്ത..ഹരീഷ് പേരടി …
https://www.facebook.com/hareesh.peradi.98/posts/840851903121827











