റിയാദ്: ഏറെ അസാധാരണമായ ഇത്തവണത്തെ ഹജ്ജിന്റെ എല്ലാ കര്‍മ്മങ്ങളും പൂര്‍ത്തിയാക്കി തീര്‍ത്ഥാടകര്‍ ഞായറാഴ്ച മക്കയില്‍ നിന്നും മടങ്ങിത്തുടങ്ങി. തീര്‍ത്ഥാടനത്തിന് അന്ത്യം കുറിച്ചു കൊണ്ടുള്ള വിടവാങ്ങല്‍ ത്വവാഫിനായി മിനായില്‍ നിന്നും കല്ലേറ് പൂര്‍ത്തിയാക്കിയ ശേഷം തീര്‍ത്ഥാടകര്‍ നേരത്തെ മക്കയിലേക്ക് നീങ്ങിയിരുന്നു. മഹാമാരി തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷയില്‍ നിഴല്‍ വീഴ്ത്തിയ ഇത്തവണത്തെ ഹജ്ജിന് സൗദി അറേബ്യയില്‍ സ്ഥിരതാമസക്കാരായ 160 രാജ്യങ്ങളിലെ പ്രതിനിധികളടക്കം ആയിരം പേര്‍ക്ക് മാത്രമാണ് ഇത്തവണ മന്ത്രാലയം അനുമതി നല്‍കിയിരുന്നത്. എല്ലാ പഴുതും അടച്ചുള്ള സുരക്ഷയാണ് ഇത്തവണ ഹജ്ജ് മന്ത്രാലയം ഹാജിമാര്‍ക്കായി ഒരുക്കിയത്.
കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ക്കിടയില്‍ നടന്ന ഏറ്റവും സുഗമമായ ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സുവര്‍ണ്ണാവസരം ലഭിച്ചതിലുള്ള സന്തോഷവും ദൈവത്തിന്റെ അതിഥികളായി തെരെഞ്ഞെടുക്കപ്പെട്ട പരിമിതമായ തീര്‍ത്ഥാടകരില്‍ ഉള്‍പ്പെട്ടതിലുള്ള ആത്മ നിര്‍വൃതിയും വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാനാവാതെ ഹാജിമാര്‍ സന്തോഷാശ്രുക്കള്‍ പൊഴിച്ചു. സൗദി അറേബ്യയിലെ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അവര്‍ നന്ദി രേഖപ്പെടുത്തി.
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജിന് തിങ്കളഴ്ചയാണ് ഔദ്യോഗികമായി സമാപനമാകുന്നതെങ്കിലും അയ്യാമുല്‍ തശ്‌രീഖിന് ഒരു ദിവസം മുന്‍പേ തന്നെ തീര്‍ത്ഥാടകര്‍ക്ക് മടങ്ങാനുള്ള അനുമതിയുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ അവരുടെ വിമാന സമയത്തിനനുസരിച്ചായിരിക്കും മക്കയില്‍ നിന്നും ജിദ്ദയിലേക്ക് തിരിക്കുക. അറഫാ ദിനം മഴയുണ്ടാകുമെന്ന കാലാവസ്ഥ പ്രവചനം ഉണ്ടായിരുന്നെങ്കിലും ഇത്തവണത്തെ ഹജ്ജിനു കാലാവസ്ഥയും തടസമായില്ല.
സൗദി അറേബ്യയില്‍ തുടര്‍ച്ചയായി കോവിഡ് വൈറസ് വ്യാപനത്തില്‍ കാണപ്പെടുന്ന കുറവ് ആരോഗ്യ വകുപ്പിന് ആശ്വാസകരമാകുന്നു. ഞായറാഴ്ചയും 1357 പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തിലെ ഏറ്റവും കുറഞ്ഞ വ്യാപനമാണിത്. ഇതോടെ രാജ്യത്തെ വൈറസ് ബാധ 2,78,835 ആയി. മുപ്പത് പേര്‍ കൂടി മരണത്തിനു കീഴടങ്ങിയതോടെ സൗദിയില്‍ ഇതുവരെ കോവിഡ് ബാധിച്ചു 2,917 പേര്‍ മരിച്ചു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറില്‍ 2,533 പേര്‍ക്ക് കൂടി രോഗമുക്തിയായതോടെ രാജ്യത്തെ രോഗമുക്തരുടെ എണ്ണം 2,40,081 ആയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 86.1 ശതമാനം ആയി. ഇപ്പോള്‍ ചികിത്സയിലുള്ള കൊവിഡ് ബാധിതര്‍ 35,837 മാത്രമാണ്. ഇവരില്‍ 2,011 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ മക്കയാണ് ഒന്നാമത്. 153 പേര്‍ മക്കയിലും 94 പേര്‍ റിയാദിലും 72 പേര്‍ ജിദ്ദയിലും പുതുതായി രോഗബാധിതരായി. ഏറ്റവും മികച്ച ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളുമായി ഇത്തവണ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് വേദിയൊരുക്കിയതില്‍ ലോകാരോഗ്യ സംഘടന സൗദി അറേബ്യയെ പ്രകീര്‍ത്തിച്ചു.