ജിദ്ദ :കോവിഡ് പശ്ചാത്തലത്തില്‍ 2021 ലെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. 18 വയസ് പൂര്‍ത്തിയായവര്‍ക്കും 65 വയസിനു താഴെയുള്ളവര്‍ക്കും മാത്രമേ അപേക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.കോവിഡ് പശ്ചാത്തലത്തിലാണ് കമ്മിറ്റിയുടെ കര്‍ശന നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും നടപ്പിലാകുന്നത്. അപേക്ഷകര്‍ക്ക് 2020 നവംബര്‍ 7 ന് 18 വയസ് പൂര്‍ത്തിയായിരിക്കണം.
എന്‍ ആര്‍ ഐ അപേക്ഷകര്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ല. തിരഞ്ഞെടുക്കുന്ന ഹാജിമാരുടെ ഒന്നാംഘട്ട ഗഡു സംഖ്യ 1,50,000 രൂപ ആയിരിക്കും. കോവിഡ് സാഹചര്യത്തില്‍ യാത്രാചെലവ് കൂടാന്‍ സാധ്യതയുണ്ട്. രണ്ട് ഘട്ടമായാണ് ഹജ്ജ് അപേക്ഷകളില്‍ നടപടി ഉണ്ടാവുക. ആദ്യഘട്ടത്തില്‍ അപേക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ വഴി സ്വീകരിക്കും. നിലവില്‍, കേന്ദ്ര, കേരള ഹജ്ജ് കമ്മിറ്റികളുടെ വെബ്‌സൈറ്റുകളില്‍ അപേക്ഷിക്കുവാന്‍ സൗകര്യമുണ്ട്. ഡിസംബര്‍ വരെ അപേക്ഷിക്കാം.
ആദ്യഘട്ടത്തില്‍ ലഭിച്ച അപേക്ഷകളില്‍ നിന്നും നറുക്കെടുപ്പ് നടത്തും. തുടര്‍ന്ന് തിരഞ്ഞെടുക്കപെട്ട അപേക്ഷകര്‍ നല്‍കിയ അപേക്ഷ, ഒറിജിനല്‍ പാസ്‌പോര്‍ട്ട്, അഡ്വാന്‍സ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് രണ്ടാംഘട്ടത്തില്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
2022 ജനുവരി 10 വരെ കാലാവധി ഉള്ളതും, 2020 ഡിസംബര്‍ 10 നുള്ളില്‍ ഇഷ്യൂ ചെയ്തതുമായ മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് അപേക്ഷകന്റെ കൈവശം ഉണ്ടായിരിക്കണം. മാത്രമല്ല, ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെയും ഹജ്ജ് ചെയ്യാത്തവര്‍ക്ക് മാത്രമേ അവസരം ലഭിക്കുകയുള്ളൂവെന്നും ഹജ്ജ് കമ്മിറ്റി അറിയിച്ചു.