ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം ജൂൺ, ജൂലൈ മാസത്തില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം സൗദി അറേബ്യ ഗവൺമെന്റിന്റെയും കേന്ദ്ര ഗവൺമെന്റിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും എന്ന് കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു. ഇന്ന് ന്യൂഡൽഹിയിൽ ചേർന്ന ഹജ്ജ് 2021 അവലോകനയോഗത്തിലാണ് തീരുമാനം എടുത്തത്.
സൗദി അറേബ്യ ഗവൺമെന്റിന്റെ തീരുമാനത്തിന് ശേഷമായിരിക്കും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും മറ്റ് ഏജൻസികളും ഔദ്യോഗികമായി ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ആരംഭിക്കുക.
കഴിഞ്ഞ വർഷത്തെ ഹജ്ജ് തീർത്ഥാടനം കൊറോണാ മഹാമാരി മൂലം റദ്ദ് ചെയ്തിരുന്നു. ഹജ്ജ് നടപടിക്രമങ്ങൾ പൂർണ്ണമായും ഡിജിറ്റൽ ആയതോടെ കഴിഞ്ഞ വർഷത്തെ 1,23,000 അപേക്ഷകർക്ക് 2100 കോടി രൂപ അവരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് തിരികെ നൽകി. സൗദി അറേബ്യ ഗവൺമെന്റ് ഗതാഗത ഇനത്തിൽ നൽകാനുള്ള 100 കോടി രൂപയും തിരികെ നൽകി.
ഹജ്ജ് നടപടികൾ പൂർണമായി ഡിജിറ്റൽ ആയതോടെ കഴിഞ്ഞ മൂന്നു വർഷമായി തീർത്ഥാടകർക്കുള്ള 514 കോടിയിലധികം രൂപ അവരുടെ ബാങ്ക് അക്കൗണ്ടിൽ തിരിച്ചെത്തിക്കാൻ കഴിഞ്ഞതായും ശ്രീ നഖ്‌വി പറഞ്ഞു. ഇന്ത്യയുടെ ഹജ്ജ് ചരിത്രത്തിൽ ഇത് ആദ്യത്തെ നടപടി ആണെന്നും അദ്ദേഹം പറഞ്ഞു.