തുർക്കി ഇസ്താംബൂളിലെ ഹാഗിയ സോഫിയ എന്ന ലോകപ്രശസ്ത മ്യൂസിയം പള്ളിയായി തുറന്നു കൊടുക്കുന്നതിനെ യു. എ. ഇ. സാംസ്കാരിക -യുവജന മന്ത്രി, വിദ്യാഭ്യാസ- സാംസ്കാരിക ശാസ്ത്ര ദേശീയ കമ്മിറ്റി ചെയർപേഴ്സൺ നൂറ ബിന്ത് മുഹമ്മദ് അൽകാബി അപലപിച്ചു . സാംസ്കാരിക പാരമ്പര്യമുള്ള ചരിത്ര ഭവനത്തിന്‍റെ മൂല്യം പരിഗണിക്കാതെയാണ് തീരുമാനമെന്നും ഏഷ്യയും യൂറോപ്പും തമ്മിലുള്ള ആശയവിനിമയത്തിനും സംഭാഷണത്തിനും വേദിയാകുന്ന ഹാഗിയ സോഫിയ മനുഷ്യ ചരിത്രത്തിനു സാക്ഷിയായി തുടരണമെന്നും അവർ പ്രസ്‌താവനയിറക്കി .
ചരിത്രപരമായ ഇസ്താംബുളിന്‍റെ ഭാഗമാണ് ഹാഗിയ സോഫിയ എന്ന് വ്യക്തമാക്കി യുനെസ്കോ പുറത്തിറക്കിയ പ്രസ്താവനയുടെ പ്രാധാന്യം മന്ത്രി ഊന്നി പറഞ്ഞു. ” യുനെസ്കോ ഒരു ഹെറിറ്റേജ് മ്യൂസിയമായി ഇതിനെ നിയുക്തമാക്കിയിരിക്കുന്നു. ഇത് ഒരു വാസ്തു വിദ്യ വിസ്മയമാണ്.വൈവിധ്യമാർന്ന സംസ്കാരങ്ങളെയും ജനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണി കൂടിയാണെന്നും അവർ വിശദീകരിച്ചു.
350 പള്ളികളെ പ്രതിനിധീകരിക്കുന്ന വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് മ്യൂസിയം പള്ളിയാക്കുന്നതിൽ ദുഖവും പരിഭ്രാന്തിയും പ്രകടിപ്പിച്ചു തുർക്കി പ്രസിഡന്റിന് കത്തെഴുതിയിട്ടുണ്ട്. വരുന്ന 24 മുതലാണ് മ്യൂസിയം പള്ളിയായി തുറന്നു കൊടുക്കുക എന്ന് പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചിരിക്കുന്നത് .