English മലയാളം

Blog

guruvayoor

 

അഷ്ടമി രോഹിണി ദിനത്തില്‍ ഗുരുവായൂരില്‍ പ്രത്യേക ചടങ്ങുകള്‍ക്ക് തുടക്കമായി. കോവിഡ് നിയന്ത്രണം പാലിച്ചു കൊണ്ട് രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്നര വരെയും വൈകിട്ട് അഞ്ച് മുതല്‍ രാത്രി ഒന്‍പത് വരെയുമാണ് വെര്‍ച്വല്‍ ക്യൂ വഴി ഭക്തര്‍ക്ക് ദര്‍ശനത്തിന് ക്രമീകരണം ഒരുക്കിയിട്ടുള്ളത്. കൂടാതെ നെയ് വിളക്ക് ശീട്ടാക്കുന്നവര്‍ക്ക് ദര്‍ശനത്തിനുള്ള പ്രത്യക വരിയും ഉണ്ടാകും.

– രാവിലെ കാഴ്ചശീവേലിക്ക് പെരുവനം കുട്ടന്‍ മാരാര്‍ പഞ്ചാരിമേളം നയിക്കും. രാത്രി 10 മണിക്ക് കൃഷ്ണനാട്ടവും നടക്കും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ പ്രതിദിനം ആയിരം പേര്‍ക്ക് ദര്‍ശനം നടത്താനാകും. ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്തവര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴിയാണ് ദര്‍ശനം. നാലമ്ബലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിനകത്ത് ഒരുസമയം 50 പേരില്‍ കൂടുതല്‍ ഭക്തര്‍ ഉണ്ടാകാത്ത വിധത്തിലാകും ക്രമീകരണം. ഭക്തര്‍ക്ക് പരിമിതമായ തോതില്‍ നിവേദ്യങ്ങളും ഇന്ന് മുതല്‍ നല്‍കും.

Also read:  പൂന്തുറയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നാട്ടുകാര്‍ തെരുവില്‍

1000രൂപയുടെ നെയ്‌ വിളക്ക് ശീട്ടാക്കുന്ന ഒരാള്‍ക്കും 4500 രൂപ ശീട്ടാക്കുന്ന അഞ്ച് പേര്‍ക്കുമാണ് ബുക്കിങ്ങില്ലാതെ ദര്‍ശനത്തിന് അനുമതിയുള്ളത്. പ്രസാദ വിതരണവും ഇന്ന് ആരംഭിക്കും. നിവേദ്യങ്ങളായ പാല്‍പ്പായസം, നെയ്പ്പായസം, അപ്പം, അട, വെണ്ണ, പഴം, പഞ്ചസാര, അവില്‍, ആടിയ എണ്ണ തുടങ്ങിയവ പായ്ക്ക് ചെയ്ത് കവറുകളിലും ടിന്നുകളിലുമാണ് ഭക്തര്‍ക്ക് നല്‍കുക. തുലാഭാരം, ചുറ്റുവിളക്ക്, കൃഷ്‌ണനാട്ടം എന്നീ വഴിപാടുകളും പുനരാരംഭിക്കും.

Also read:  സ്ത്രീ വിരുദ്ധ പരാമര്‍ശം: ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല

ആറന്മുളയില്‍ ആചാരപരമായ ചടങ്ങുകള്‍ മാത്രം;

ചരിത്രത്തില്‍ ആദ്യമായി ക്ഷേത്രാങ്കണത്തിലെ സമൂഹസദ്യ ഇല്ലാതെ പാര്‍ഥസാരഥിയുടെ ജന്മദിനമായ അഷ്ടമിരോഹിണി ഇന്ന് ആഘോഷിക്കും. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഇത്തവണ ക്ഷേത്രമതിലകത്ത് അനുബന്ധ ചടങ്ങുകള്‍ മാത്രമാണുള്ളത്. സദ്യ സമീപത്തുള്ള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടക്കും. നറുക്കെടുപ്പിലൂടെ നിയോഗം കിട്ടിയ ളാക-ഇടയാറന്മുള പള്ളിയോടമാണ് അഷ്ടമിരോഹിണി സദ്യയിലും പങ്കെടുക്കുന്നത്. കരനാഥന്മാര്‍ക്കൊപ്പം മധ്യമേഖലയില്‍നിന്നുള്ളവരുംകൂടി ചേര്‍ന്ന് 24 പേര്‍ പള്ളിയോടത്തില്‍ രാവിലെ പത്തരയോടെ ക്ഷേത്രക്കടവിലെത്തും.

ഇന്നത്തെ പൂജയ്ക്ക് തന്ത്രി കുഴിക്കാട്ട് ഇല്ലത്ത് കാളിദാസന്‍ ഭട്ടതിരി കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പള്ളിയോട സേവാസംഘത്തിന്റെ പാഞ്ചജന്യം ഹാളില്‍ സമൂഹ വള്ളസദ്യ. 32 പേര്‍ മാത്രം പങ്കെടുക്കാനാണ് അനുമതി. വിഭവങ്ങളേറെയുണ്ടാകില്ല. പാടിച്ചോദിക്കുന്നവയും മറ്റുമായി ചടങ്ങ് മാത്രം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സദ്യ തയാറാക്കുന്ന പാചകക്കാര്‍, വിളമ്ബുകാര്‍ എന്നിവര്‍ക്കു സ്രവ പരിശോധന നടത്തി. വിജയന്‍ നടമംഗലമാണ് വള്ളസദ്യ തയാറാക്കുന്നത്.

Also read:  'മാസ്‌ക് ധരിച്ചാല്‍ കൊറോണ പോകും, ഇല്ലെങ്കില്‍ നമ്മള്‍ പോകും'; ശ്രദ്ധേയമായി ബോധവത്കരണ കാര്‍ട്ടൂണുകള്‍

ഭഗവാന്റെ ജന്മാഷ്ടമി സദ്യയ്ക്ക് കോട്ടയം ജില്ലയിലെ ചേനപ്പാടിയില്‍നിന്ന് എത്തിച്ച പാളത്തൈരിന്റെ സമര്‍പ്പണം ഇന്നലെ വൈകിട്ട് ക്ഷേത്രത്തില്‍ നടന്നു. പ്രതീകാത്മകമായി നടന്ന ചടങ്ങില്‍ ഏതാനും പേര്‍ മാത്രമേ പങ്കെടുത്തുള്ളൂ. വാഴൂര്‍ തീര്‍ഥ പാദാശ്രമത്തില്‍നിന്ന് ഒരു പാളപ്പാത്രത്തില്‍ മാത്രമാണ് തൈര് എത്തിച്ചത്.