തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദേശം ഒഴിവാക്കി. രോഗ ലക്ഷണമുള്ളവര്‍ മാത്രം പരിശോധന നടത്തിയാല്‍ മതി. ജില്ലാ കലക്ടറാണ് നിര്‍ദേശം ഒഴിവാക്കിയത്. ഒരു ദിവസം 25 വിവാഹങ്ങള്‍ മാത്രമേ നടത്താവൂ എന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ഒരു ദിവസം വിവാഹ സംഘങ്ങള്‍ അടക്കം 2000 പേരെ ദര്‍ശനത്തിന് അനുവദിക്കും. എത്ര വിവാഹം വേണം, എത്ര പേര്‍ക്ക് ദര്‍ശനം നല്‍കണം എന്ന് ദേവസ്വത്തിന് തീരുമാനിക്കാം.
11 ദിവസം ക്ഷേത്ര പരിസരം അടച്ചിട്ടതിനു ശേഷം ചൊവ്വാഴ്ചയാണ് നിയന്ത്രണങ്ങള്‍ നീക്കി കലക്ടര്‍ ഉത്തരവിറക്കിയത്. ബുധനാഴ്ച ആ ഉത്തരവ് തിരുത്തി. ഭക്തര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും വിവാഹങ്ങള്‍ 25ല്‍ കൂടുതല്‍ പാടില്ലെന്നും നിബന്ധന വന്നു. നിബന്ധനകളില്‍ ഇളവു വരുത്തണം എന്നാവശ്യപ്പെട്ട് ദേവസ്വം കലക്ടര്‍ക്ക് കത്തു നല്‍കി. ഈ സാഹചര്യത്തിലാണ് ദര്‍ശനം പഴയപടി ആക്കിയത്.











