ദുബായ്: യു.എ.ഇ. ദേശീയദിനം മുതല്‍ ക്രിസ്മസ് പുതുവത്സരം വരെ നീണ്ട അവധിദിനങ്ങളില്‍ കര്‍ശന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. കൂട്ടം ചേര്‍ന്നുള്ള അവധിയാഘോഷങ്ങള്‍ക്ക് കോവിഡ് സുരക്ഷ മുന്‍നിര്‍ത്തി അനുവദിക്കില്ല. ഭക്ഷണം, സമ്മാനങ്ങള്‍ എന്നിവയുടെ കൈമാറ്റം പാടില്ല. വെര്‍ച്വല്‍ ആഘോഷങ്ങളാകാം.
നാല് മണിക്കൂറില്‍ കൂടുതലുള്ള സംഗീതപരിപാടികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം. എല്ലാ പൊതുസ്ഥലങ്ങളും കൃത്യമായി അണുനശീകരണം നടത്തിയിരിക്കണം. കര്‍ശന കോവിഡ് സുരക്ഷാ നടപടികള്‍ തുടരണമെന്നും അധികൃതര്‍ വ്യക്തമാക്കി. അംഗീകൃത വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കും. ഫെയ്‌സ് മാസ്‌ക്കുകള്‍ നിര്‍ബന്ധമാണ്. താപ നില ഇടവേളകളില്‍ പരിശോധിക്കും. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ഉണ്ടാകും.