റിയാദ്: ലോകത്തിലെ ഏറ്റവും വലിയ നഗര ഹരിതവത്കരണ സംരംഭങ്ങളിലൊന്നായ ഗ്രീന്‍ റിയാദ് പദ്ധതി സൗദി തലസ്ഥാന നഗരത്തിലെ പ്രധാന റോഡുകളുടെ മുഖച്ഛായ മാറ്റുന്നു. നഗരത്തിലെ ജീവിതനിലവാരം ഉയര്‍ത്തുക എന്ന ‘വിഷന്‍ 2030’ ലക്ഷ്യങ്ങളുടെ ഭാഗമായി കിങ് ഖാലിദ്, മക്ക, കിങ് സല്മാന് റോഡുകള്‍ ഉള്‍പ്പെടെ പ്രധാന പാതകള്‍ക്ക് ഇരുവശങ്ങളിലും വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുന്ന ഈ പദ്ധതി പ്രതീക്ഷിച്ചതിലും അധികം ഫലംചെയ്യുന്നതായി കിങ് സഊദ് യൂനിവേഴ്സിറ്റി പ്രഫസര്‍ ഡോ. ഫഹദ് അല്‍-മന പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. ഈ പദ്ധതികള്‍ക്കായി സ്വദേശ വൃക്ഷങ്ങളാണ് തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരുഭൂമിയിലെ കഠിനമായ ചൂട് ഇത്തരം മരങ്ങള്‍ക്ക് അതിജീവിക്കാന്‍ കഴിയുമെന്നും തീവ്രമായ കാര്‍ഷിക പരിചരണം കൂടാതെ വളരുമെന്നുമാണ് അല്മനയുടെ അഭിപ്രായം. ഹരിതവത്കരണ പദ്ധതിക്കായി തിരഞ്ഞെടുക്കുന്ന വൃക്ഷ ഇനങ്ങളില്‍ ഭൂരിഭാഗവും കുറഞ്ഞ പരിചരണം മാത്രം ആവശ്യമുള്ളവയാണ്. മരം തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ റിയാദിലെ പരിസ്ഥിതി സാഹചര്യം കണക്കിലെടുക്കാറുണ്ട്. ഇത്തരം വൃക്ഷങ്ങള്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ നല്ല ഉയരത്തില്‍ വളരും.
പ്രത്യേക പരിചരണത്തില്‍ നഴ്സറികളില്‍ പരിപാലിച്ച ശേഷമാണ് നഗരപ്രദേശങ്ങളില്‍ നട്ടുപിടിപ്പിക്കുന്നത്. നഗരത്തില്‍ മുഴുവന്‍ ഭാഗങ്ങളിലുമായി മൊത്തം 75 ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. ഈ പദ്ധതിയിലൂടെ ശരാശരി അന്തരീക്ഷ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് കുറക്കാനാവും. അന്തരീക്ഷവായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുമാവും. വ്യായാമത്തിനായി നടത്തവും സൈക്ലിങ്ങും നടത്തുന്ന ആളുകള്‍ക്ക് ഇത് ഗുണംചെയ്യും.
തെരുവുകളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുക, തണലും താപനിലയും ലഭ്യമാക്കുക, നഗരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലഷ്യം.വായു ശുദ്ധീകരിക്കുന്നതിനും പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനും സഹായകമാകും. വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടില്ലാത്ത രൂപത്തില്‍ പ്രത്യേക അളവിലും ശാഖകളുടെ രൂപമാറ്റത്തിനും ശ്രദ്ധചെലുത്തുന്നുണ്ട്. 2030 ഓടെ നഗരത്തിലെ ഹരിത ഇടം അഞ്ചില്‍നിന്ന് ഒമ്ബത് ശതമാനമായി ഉയരുമെന്നും അല്‍മന പറഞ്ഞു. അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ അളവും നിലവില്‍ കുറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.













