പാട്‌ന: ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി മഹാസഖ്യം. കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍, ഇടത് പാര്‍ട്ടികള്‍ അടങ്ങുന്ന മഹാസഖ്യമാണ് ശനിയാഴ്ച പ്രകടന പത്രിക പുറത്തിറക്കിയത്.
അധികാരത്തില്‍ എത്തിയാല്‍ കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു. വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി ബിജെപി വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പ്രളയബാധിതരെ സന്ദര്‍ശിക്കാനോ, അവരുടെ ക്ഷേമം അന്വേഷിക്കാനോ ബിജെപിയോ കേന്ദ്രസര്‍ക്കാരോ തയ്യാറായില്ലെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തുറന്നടിച്ചു.
അതേസമയം ബീഹാറില്‍ മൂന്ന് ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒക്ടോബര്‍ 28, നവംബര്‍ 3, 7 എന്നീ ദിവസങ്ങളിലായാണ് തെരഞ്ഞെടുപ്പ്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിങ് സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്.