കൊല്‍ക്കത്ത: കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോടും ആരോഗ്യ പ്രവര്‍ത്തകരോടും സഹകരിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സര്‍ക്കാര്‍ ദൈവമോ മായജാലക്കാരോ അല്ലെന്നും മഖ്യമന്ത്രി പ്രതികരിച്ചു.
1600-ലധികം പേരാണ് പുതുതായി കോവിഡ് ബാധിതരായിരിക്കുന്നതെന്നു പറഞ്ഞ മമത സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ജനങ്ങളുടേയും രാഷ്ട്രീയ പ്രവര്‍ത്തകരുടേയും മാധ്യമങ്ങളുടേയും സഹകരണവും ആവശ്യപ്പെട്ടു. 23 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ബംഗാളില്‍ കോവിഡ് മുക്തി നേടുന്നവരുടെ എണ്ണം 60 ശതമാനത്തില്‍ നിന്നും 59.29 ശതമാനമായി താഴ്ന്നുവെന്നും മമത വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കെതിരെ ബംഗാള്‍ മുഖ്യമന്ത്രി തുറന്നടിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 10,000 വെന്റിലേറ്ററുകളും ഓക്സിജന്‍ സിലിണ്ടറുകളും ലഭിക്കുമെന്നും മരുന്നുകളും പിപിഇ കിറ്റുകളും സൗജന്യമായി നല്‍കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കരുതി. എന്നാല്‍ ഒന്നും ലഭിച്ചില്ലെന്നും തങ്ങള്‍ ഇപ്പോഴും വെറും കൈയ്യോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മമത തുറന്നടിച്ചു.
കയ്യടിക്കുകയും വിസിലടിക്കുകയും ചെണ്ടകൊട്ടുകയും ചെയ്താല്‍ മാത്രം മതിയോ എന്ന് പരിഹസിച്ച മമത, വളരെ ഖേദത്തോടെയാണ് ഇതൊക്കെ പറയുന്നതെന്നും എത്രകാലം ഈ അവസ്ഥയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്നും ചോദിച്ചു.
എല്ലാ സര്‍ക്കാരിനും പരിമിതികളുണ്ട്. സര്‍ക്കാര്‍ ദൈവമോ മായാജാലക്കാരോ അല്ലെങ്കിലും ഈ പ്രതികൂല സാഹചര്യത്തിലും ജനങ്ങള്‍ക്ക് സൗജന്യ റേഷനും സ്കോളര്‍ഷിപ്പും പെന്‍ഷനും വിവാഹ ധനസഹായങ്ങളും നല്‍കുന്നവരാണെന്നും മമത ചൂണ്ടിക്കാട്ടി. കോവിഡിനെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.