തിരുവനന്തപുരം: ഇടുക്കി രാജമല മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ മുഴുവന്‍ ചികിത്സ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രാധാനമന്ത്രി നരേന്ദ്രമോദിയും ദുരിത ബാധിതര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നല്‍കും. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിത ബാധിതര്‍ക്കൊപ്പമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.
രാജമല പെട്ടിമുടിയില്‍ പുലര്‍ച്ചയോടെ ഉണ്ടായ മണ്ണിടിച്ചിലില്‍ 30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. ഇവയില്‍ 12 പേര്‍ രക്ഷപ്പെട്ടു. കാണാതായ 66 പേരില്‍ 15 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുന്നു.
ഗാന്ധിരാജ് (48), ശിവകാമി (38) വിശാല്‍ (12) രാമലക്ഷ്മി (40) മുരുകന്‍ (46) മയില്‍ സ്വാമി (48) കണ്ണന്‍ (40) അണ്ണാദുരൈ ( 44) രാജേശ്വരി (43) കൗസല്യ (25) തപസ്സിയമ്മാള്‍ (42) സിന്ധു (13) നിധീഷ് (25) പനീര്‍ശെല്‍വം( 50) ഗണേശന്‍ (40) എന്നിവരാണ് മരിച്ചത്.
പരുക്കേറ്റവരെ മൂന്നാര്‍ റ്റാറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കായി എത്തിച്ചു. ഗുരുതരമായി പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പെരിയവരയില്‍ ഗതാഗത സൗകര്യങ്ങള്‍ പുഃനര്‍നിര്‍മിച്ചാണ് രക്ഷാദൗത്യം തുടരുന്നത്. സങ്കീര്‍ണ സ്ഥിതി കണക്കിലെടുത്ത് എയര്‍ ലിഫ്‌റ്റിങ്ങിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. രാജമലയിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്‌റ്റര്‍ സേവനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമസേനയുമായി ബന്ധപ്പെട്ടു.
അതേസമയം രാജമലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ക്രൈംബ്രാഞ്ച് ഐ. ജി ഗോപേഷ് അഗര്‍വാളിനെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചു.











