ഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വിമാന സര്‍വ്വീസുകളിലെ ടിക്കറ്റ് നിരക്കിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നവംബര്‍ 24 വരെ തുടരുമെന്ന് വ്യോമയാന മന്ത്രാലയം. 45 ശതമാനത്തോളം ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ നടത്താനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം 40 മിനിറ്റ് വരെയുളള യാത്രയ്ക്ക് 2000 രൂപ മുതല്‍ 6000 രൂപ വരെയും 150 മുതല്‍ 180 മിനിറ്റ് വരെയുളള യാത്രയ്ക്ക് ഏറ്റവും ചുരുങ്ങിയത് 5,500 രൂപ മുതല്‍ 15,700 രൂപ വരെയും മാത്രമെ ഈടാക്കാന്‍ സാധിക്കുകയുളളു. യാത്രാ ദൈര്‍ഘ്യം മാറുന്നതിന് അനുസരിച്ചായിരിക്കും നിരക്കില്‍ വ്യത്യാസമുണ്ടാകുന്നത്.
കോവിഡ് കാലത്ത് വിമാന കമ്പനികള്‍ ഇഷ്ടപ്രകാരം യാത്രാനിരക്ക് ഈടാക്കുന്നതിനാലാണ് ഒരോ റൂട്ടിലെയും യാത്രാസമയവും പ്രത്യേകതയും കണക്കിലെടുത്ത് യാത്രാ നിരക്കിന് നിബന്ധനകള്‍ ബാധകമാക്കിയത്. ആഗസ്റ്റ് 24 വരെ ഏര്‍പ്പെടുത്തിയ നിബന്ധനകളാണ് ഇപ്പോള്‍ നവംബര്‍ 24 വരെ നീട്ടിയിരിക്കുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 25 ന് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ കേന്ദ്രം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് മെയ് 25നാണ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചത്.