തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ് മലപ്പുറം സ്വദേശി റമീസ് പിടിയിലായത്. മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയായ റമീസിനെ ഇന്നു പുലര്‍ച്ചെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നാണ് സൂചന.
ഷാര്‍പ്പ് ഷൂട്ടറായ റമീസ് മണ്ണാര്‍ക്കാട് വനമേഖലയില്‍ അടക്കം മൃഗവേട്ട നടത്തിയതിന്‍റെ പേരില്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2014 ല്‍ രണ്ട് മാനുകളെ വെടിവെച്ച് കൊന്ന കേസിലെ പ്രതി കൂടിയാണ്. പാലക്കാട് വാളയാര്‍ പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ കേസുള്ളത്. നെടുമ്പാശേരി വിമാനത്താവളം വഴി തോക്ക് കടത്താന്‍ ശ്രമിച്ച കേസിലും റമീസ് പ്രതിയായിട്ടുണ്ട്. രണ്ടു ബാഗുകളിലായി അന്ന് കൊണ്ടുവന്നത് ആറു റൈഫിളുകള്‍ ഗ്രീന്‍ചാനല്‍വഴി കടത്താന്‍ ശ്രമിക്കവെയാണ് കസ്റ്റംസ് പിടികൂടിയത്.
റമീസിനു ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. റമീസിന് കുടുംബവുമായി വലിയ അടുപ്പമില്ലെന്നാണ് വെട്ടത്തൂരിലെ നാട്ടുകാര്‍ പറയുന്നത്. അതിനിടെ, മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവാണ് റമീസെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഓഫീസ് ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. ഹവാല ഇടപാടുകളുമായി റമീസിനു ബന്ധമുണ്ടെന്നും വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
അതേസമയം, നയതന്ത്ര ബാഗേജ് വഴി അനധികൃതമായി സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായി എന്‍ഐഎ സംഘം കേരളത്തിലെത്തി. രാവിലെ 11.30 ഓടെ സ്വപ്‌നയും സന്ദീപുമായി എന്‍ഐഎ സംഘം വാളയാര്‍ കടന്നു. ഉച്ചയ്‌ക്ക് രണ്ടിനു മുന്‍പായി കൊച്ചി എന്‍ഐഎ ഓഫീസിലെത്തുമെന്നാണ് വിവരം.
ഇന്നലെ രാത്രിയാണ് ഇരുവരെയും ബെംഗളൂരുവില്‍ നിന്നു പിടികൂടിയത്. ഡൊംലൂരിലെ എന്‍ഐഎ ഓഫീസില്‍വച്ച് ഇരുവരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തു. ഇന്നു രാവിലെ റോഡ് മാര്‍ഗമാണ് പ്രതികളുമായി അന്വേഷണസംഘം ബെംഗളൂരുവില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ബെംഗളൂരുവിലെ എന്‍ഐഎ ഓഫീസില്‍ നിന്നുള്ള സ്വപ്‌നയുടെയും സന്ദീപിന്‍റെയും ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കൊച്ചിയിലെത്തിയ ശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കും. സ്വപ്‌നയുടെയും സന്ദീപിന്‍റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മൂന്ന് വര്‍ഷത്തെ ബാങ്ക് ഇടപാടുകള്‍ പരിശോധിക്കും.