കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായ എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ എന്‍ഐഎ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. അന്വേഷണ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിന് ഓഫീസിലെത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
ഇന്നലെ ഒന്‍പത് മണിക്കൂറാണ് എന്‍ഐഎ പ്രത്യേക സംഘം ശിവശങ്കറിനെ ചോദ്യം ചെയ്തത്. തുടര്‍ന്ന് പനമ്പള്ളി നഗറിലെ ഹോട്ടല്‍ മുറിയിലാണ് എം ശിവശങ്കര്‍ തങ്ങിയത്. എന്‍ഐഎ നിരീക്ഷണത്തിലായിരുന്നു താമസം.
നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ ഇടപെടല്‍ നടത്തിയ ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. അതേസമയം,
സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് എം ശിവശങ്കറിന്റെ അഭിഭാഷകന്‍ അഡ്വ.എസ്.രാജീവ് വ്യക്തമാക്കിയിരുന്നു. സ്വര്‍ണക്കടത്തുമായി യാതൊരു വിധത്തിലുള്ള ബന്ധവും ഇല്ല. എന്‍ഐഎ അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഒരു കാര്യവും മറച്ചു വെക്കാനില്ലെന്നാണ് അഭിഭാഷകന്റെ പ്രതികരണം.











