കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യമില്ല. കേസില്‍ ശിവശങ്കറിന്റെ പങ്കിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ശിവശങ്കറിന് ജാമ്യം നല്‍കിയാല്‍ ഉന്നതവ്യക്തികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് കൊച്ചി എസിജെഎം കോടതി. കസ്റ്റംസ് കേസിലാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. വിശദമായി വാദം കേട്ടതിനു ശേഷമാണ് സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ എ.സി.ജെ.എം കോടതിയുടെ തീരുമാനം.
ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് ശക്തമായി എതിര്‍ത്തിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷിനൊപ്പം ശിവശങ്കര്‍ ഏഴ് തവണ വിദേശയാത്ര നടത്തിയെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞിരുന്നു. മുഴുവന്‍ ചെലവും വഹിച്ചത് ശിവശങ്കറാണെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്തിനാണ് ഇതൊക്കെ ചെയ്തതെന്നും തമാശക്ക് മാത്രമായിരുന്നോ ഇതെന്നും കസ്റ്റംസ് കോടതിയില്‍ ചോദിച്ചിരുന്നു.
കസ്റ്റംസ് കേസില്‍ മറ്റ് പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചെന്നും തന്നെ മാത്രം ജയിലില്‍ ഇടുന്നതിന്റെ കാരണം മനസിലാകുന്നില്ലെന്നും ശിവശങ്കര്‍ കോടതിയില്‍ ചോദിച്ചിരുന്നു. അന്വേഷണങ്ങളുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ട്. കോടതിയെ തൃപ്തിപ്പെടുത്താന്‍ മാത്രം ഓരോ രേഖകളും ഏജന്‍സികള്‍ സമര്‍പ്പിക്കുകയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്. തനിക്കെതിരെ ഇതുവരെ തെളിവുകളില്ലെന്നും ശിവശങ്കര്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി ഈ വാദങ്ങള്‍ അംഗീകരിച്ചില്ല.












