ജിഷ ബാലന്‍
പൊന്നിന്‍ വില അരലക്ഷത്തിലേക്ക് കുതിക്കുമ്പോള്‍ വിവാഹപ്രായമായ മക്കളുടെ രക്ഷിതാക്കളുടെ നെഞ്ചിടിപ്പും കൂടുകയാണ്. കോവിഡ് കാലത്ത് പലതിന്റേയും വിലയിടിയുമ്പോള്‍ സ്വര്‍ണവില പത്തരമാറ്റില്‍ തിളങ്ങുകയാണ്. ജൂലൈ ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 36,160 രൂപയാണെങ്കില്‍ ജൂലൈ 31 ആയപ്പോള്‍ 40,000ത്തിലേക്ക് എത്തിയിരിക്കുന്നു. ഈ മാസം മാത്രം 3840 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഏഴ് മാസം കൊണ്ട് 11,000 രൂപയുടെ വര്‍ധനവ്…
കോവിഡ് കാലത്ത് ചെലവില്ലാതെ കല്ല്യാണം നടത്താം എന്ന് ആശ്വസിച്ചവര്‍ക്ക് പതിനെട്ടിന്റെ പണിയാണ് സ്വര്‍ണക്കുതിപ്പിലൂടെ കിട്ടിയിരിക്കുന്നത്. സ്വര്‍ണം വാങ്ങുന്നതിനായി നേരത്തെ നിശ്ചയിച്ച പ്ലാനുകളെല്ലാം തകിടം മറിഞ്ഞ അവസ്ഥയാണിപ്പോള്‍. കോവിഡ് കാരണം കല്ല്യാണം മാറ്റിവെച്ചവര്‍ക്കും ചിങ്ങമാസത്തില്‍ കല്ല്യാണം നടത്താം എന്ന് തീരുമാനിച്ചവര്‍ക്കും കനത്ത തിരിച്ചടിയാണിത്. പൊന്നില്‍ പൊതിഞ്ഞ വധുവിലൂടെ കുടുംബത്തിന്റെ അഭിമാനവും മഹിമയും വിളിച്ചോതാം എന്ന ചിന്താഗതിക്കാരെ സ്വര്‍ണവില തളര്‍ത്തിയിരിക്കുകയാണ്.
കോവിഡ് കാലത്ത് ലോകത്തിലെ ഏറ്റവും സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്ന സ്വര്‍ണത്തിന്റെ വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു.
90 വര്‍ഷം മുന്‍പ് 13.75 രൂപ
1925 മാര്‍ച്ച് 31ന് 13.75 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. അന്നത്തെ കാലഘട്ടത്തില്‍ അത് വലിയ തുകയായിരുന്നു.
1970ല്‍ 135 രൂപയുടെ നിലവാരത്തില്‍ വില ഉയര്‍ന്നു.
1975ല്‍ 396 രൂപയായി
1990 ല്‍ സ്വര്‍ണവില 2,400ന് മുകളില്‍ എത്തി
2000ല്‍ 3,212 രൂപയില്‍ ആയി.
2006ല്‍ 6,255 രൂപ,
2010ല്‍ സ്വര്‍ണവില 12,000 കടന്നു
2015 ആയപ്പോള്‍ 19,000ത്തിലെത്തി.
2019 ല്‍ 23,720 രൂപയായി
2020 ജനുവരിയില്‍ 29,000വും ജൂലൈ അവസാനത്തില്‍ 40,000ത്തിലും എത്തിനില്‍ക്കുന്നു.
ഗോള്‍ഡ് കണ്ട്രോള്‍ ആക്ട്
1962 ല്‍ ഇന്ത്യന്‍ രാഷ്ട്രപതി ഉത്തരവിട്ട ഓര്‍ഡിനന്‍സ് പ്രകാരം കച്ചവട ആവശ്യത്തിന് അല്ലാതെ വ്യക്തികള്‍ സ്വര്‍ണം കൈവശം വയ്ക്കുന്നതിന് നിയന്ത്രണം ഉണ്ടായിരുന്നു. പിന്നീട് 1968 ല്‍ പാര്‍ലിമെന്റ് ഗോള്‍ഡ് കണ്ട്രോള്‍ ആക്ട് പാസാക്കി. 1990 ജൂണ്‍ ആറിന് പാര്‍ലിമെന്റ് ഈ നിയമം എടുത്തുകളഞ്ഞതോടെ രാജ്യത്ത് സ്വര്‍ണവ്യാപാരം ശക്തിപ്പെട്ടു. ആറുവര്‍ഷം മുന്‍പ് സ്വര്‍ണ വില ഉയര്‍ന്ന് നിന്നപ്പോഴാണ് ഇറക്കുമതിയില്‍ റെക്കോര്‍ഡ് ഉണ്ടായത്.അന്ന് 958 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയില്‍ എത്തിയത്. ഇപ്പോള്‍ ഇറക്കുമതി 750 ടണ്‍ ആയി കുറഞ്ഞിരിക്കുകയാണ്.
നിയന്ത്രണങ്ങള്‍ ലഘൂകരിക്കപ്പെട്ടതോടെ സ്വര്‍ണക്കടത്ത് കൂടി. ഇതോടെ 1992ല്‍ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് വിദേശത്തു നിന്ന് വരുന്ന ഇന്ത്യക്കാര്‍ക്ക് ബാഗേജില്‍ അഞ്ചു കിലോ സ്വര്‍ണം വരെ കൊണ്ട് വരാം എന്ന് നിര്‍ദേശിച്ചു. ബജറ്റ് സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പത്തു ഗ്രാം സ്വര്‍ണത്തിന് 450 രൂപയായിരുന്നു നികുതി. രാജ്യത്ത് മറ്റേത് നിക്ഷേപത്തേക്കാള്‍ സുരക്ഷിതമെന്ന് കരുതിയതോടെ സ്വര്‍ണത്തിന്റെ ഉപയോഗത്തില്‍ വര്‍ധനവുണ്ടായി.
വിലയേറിയ ലോഹം, സുരക്ഷിത നിക്ഷേപം
യുഎസ്-ചൈന സംഘര്‍ഷം, ഇന്ധനവില, കോവിഡ് കേസുകളുടെ വര്‍ധനവ്, രൂപയുടെ ഇടിവ്, പലിശനിരക്കിലെ കുറവ് എന്നിവ സ്വര്‍ണത്തിന്റെ വിലവര്‍ധനവിന് കാരണമാകുന്നു. നിക്ഷേപകര്‍ക്ക് മാന്യമായ വരുമാനം ഇതിലൂടെ ലഭിക്കുമെന്നാണ് വിലയിരുത്താല്‍. പലിശനിരക്ക് ഉയര്‍ന്നതാണെങ്കില്‍, നിക്ഷേപകര്‍ കോര്‍പ്പറേറ്റ് ബോണ്ടുകള്‍ അല്ലെങ്കില്‍ സ്ഥിര നിക്ഷേപങ്ങള്‍ പോലുള്ള പലിശ ലഭിക്കുന്ന ആസ്തികളില്‍ നിക്ഷേപിക്കും. പലിശനിരക്ക് കുറവാണെങ്കില്‍ സ്വര്‍ണത്തിലും നിക്ഷേപം നടത്തും. എണ്ണവില 60% താഴെപ്പോയപ്പോഴും ഓഹരി വിപണി ഒരു വര്‍ഷം കൊണ്ട് 20% ഇടിഞ്ഞപ്പോഴും സ്വര്‍ണവില 18% വര്‍ധനയാണ് ശരാശരി രേഖപ്പെടുത്തിയത്. അന്താരാഷ്ടതലത്തിലെ കോവിഡ് വ്യാപനം സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമെന്ന വിശ്വാസം പടുത്തുയര്‍ത്തുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് സ്വര്‍ണം മേടിച്ചവര്‍ക്ക് 36% വില വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
2011 ല്‍ ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് ശരാശരി 50 മുതല്‍ 55 രൂപ വരെ ആയിരുന്നു. എന്നാല്‍ 2020 ല്‍ എത്തിയപ്പോള്‍ അത് എഴുപത്തിയഞ്ച് രൂപയ്ക്ക് മുകളില്‍ ആയിരിക്കുകയാണ്. ഇത് രാജ്യത്തെ സ്വര്‍ണവില റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ കാരണമാകുന്നു.
അക്ഷയതൃതീയ,ദീപാവലി, വാലന്റെെന്‍സ് ഡേ, എന്നിവയാണ് രാജ്യത്ത് ആഭരണ വില്‍പ്പനയില്‍ വര്‍ധന രേഖപ്പെടുത്തുന്ന വിശേഷാവസരങ്ങളായി കണക്കാക്കുന്നത്. വിവാഹ സീസണുകളിലും സ്വര്‍ണവിലയില്‍ വര്‍ധനവ് കാണാറുണ്ട്. എന്നാല്‍ ഒരു വൈറസ് ബിസിനസ് മേഖലയെ തകര്‍ത്ത് സ്വര്‍ണവിപണിയെ മോടിപിടിപ്പിക്കുന്നത് അപൂര്‍വമാണ്.വിപണികള്‍ പഴയ സ്ഥിതികളിലേക്ക് എത്തുന്നത് വരെ സ്വര്‍ണത്തിന്റെ വില വര്‍ധിച്ചുകൊണ്ടിരിക്കുമെന്നാണ് വിലയിരുത്തല്‍.
സ്വര്‍ണത്തിന്റെ വിലവര്‍ധനവ് രാജ്യത്തിന്റെ ഇറക്കുമതിയേയും ആവശ്യകതയെയും ബാധിച്ചിട്ടുണ്ട്. 2020 ആദ്യ പകുതിയില്‍ രാജ്യത്തിന്റെ ആവശ്യകത 2,076 ടണ്ണാണെങ്കില്‍ 2020 ന്റെ രണ്ടാംപാദത്തില്‍ സ്വര്‍ണബാറുകളിലും നാണയങ്ങളിലുമുള്ള നിക്ഷേപം 17 ശതമാനം ഇടിഞ്ഞ് 397 ടണ്ണിലെത്തി.ആഗോള ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരമാണിത്. ലോക്ക്ഡൗണും കൈവശം പണമില്ലായ്മയും ആഭരണങ്ങളുടെ ആവശ്യകതയില്‍ 46% ഇടിവ് വരുത്തി.
അതേസമയം, ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡില്‍ കോട്ടം തട്ടിയെങ്കിലും സ്വര്‍ണ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്)കളിലേക്കുള്ള നിക്ഷേപം വര്‍ധിച്ചിട്ടുണ്ട് (സ്വര്‍ണം കൈവശം വെയ്ക്കണമെന്നില്ല, രേഖകളില്‍ മാത്രം സ്വര്‍ണം സൂക്ഷിക്കുന്ന രീതിയാണ് സ്വര്‍ണ ഇ.ടി.എഫ്) കേന്ദ്ര ബാങ്കുകളും സര്‍ക്കാരുകളും നിരക്ക് കുറച്ചതും പണലഭ്യത നടപടികള്‍ കൈകൊണ്ടതോടെയാണ് ഇടിഎഫ് നിക്ഷേപം വര്‍ധനവ് സാധ്യമായത്.
ജൂലൈയില്‍ മാത്രം 2,004 കോടി രൂപയാണ് ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപമായെത്തിയത്. ഇത് 4.13 ടണ്‍ സ്വര്‍ണ വില്‍പ്പനയ്ക്ക് സമാനമാണ്. സാമ്പത്തികവര്‍ഷത്തെ ആദ്യ നാലുമാസത്തിനിടെ ഗോള്‍ഡ് ബോണ്ട് വില്‍പ്പനയിലൂടെ 5,112 കോടി രൂപയാണ് റിസര്‍വ് ബാങ്ക് സമാഹരിച്ചത്. ഏപ്രില്‍- ജൂണ്‍ കാലയളവിലെ സ്വര്‍ണ ഇറക്കുമതിക്ക് രാജ്യം ചെലവാക്കുന്ന തുകയ്ക്ക് തുല്യമാണിത്.
പലരാജ്യങ്ങളും അവരുടെ കരുതല്‍ ശേഖരവും ഫോറിന്‍ റിസര്‍വ്വുമെല്ലാം സ്വര്‍ണമാക്കി വെച്ചിരിക്കുകയാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ഇവര്‍ അത് പുറത്ത് എടുക്കുകയാണെങ്കില്‍ സ്വര്‍ണവില ഇടിയാന്‍ സാധ്യതയുണ്ട്.