പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി കെട്ടിയെന്ന് ആരോപണം. കൊടി പൊലീസെത്തി അഴിച്ചുമാറ്റി. ബിജെപിക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തി.
നഗരസഭയില്‍ സ്ഥിരം കൗണ്‍സില്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. ഇതിനിടെയാണ് നഗരസഭ വളപ്പിനുള്ളിലെ ഗാന്ധിപ്രതിമയില്‍ ബിജെപി കൊടി പുതപ്പിച്ചിരിക്കുന്നെന്ന വിവരം പുറത്തു വന്നത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ സ്ഥലത്തെത്തി പ്രതിഷേധസൂചകമായി മുദ്രാവാക്യം വിളിച്ചു. പൊലീസ് ഉടന്‍ തന്നെയെത്തി കൊടി അഴിച്ചുമാറ്റി.
ബിജെപി പ്രവര്‍ത്തകര്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രതിമയില്‍ കൊടി പുതപ്പിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പൊലീസില്‍ പരാതി നല്‍കുമെന്നും കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെ ബിജെപി ആരോപണം നിഷേധിച്ചു. കൊടി പുതപ്പിച്ചതാരാണെന്ന് കണ്ടെത്താന്‍ ബിജെപിയും നഗരസഭ അധികൃതരും രേഖാമൂലം പരാതി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രതിഷേധത്തിനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയില്‍ പുഷ്പഹാരം അണിയിച്ചു. തുടര്‍ന്ന് മുദ്രാവാക്യം വിളിയ്ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടന്‍ ഫ്‌ലക്‌സ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് വീണ്ടുമൊരു വിവാദം.

















