തിരുവനന്തപുരം: കെ.എസ്.എഫ്.ഇയില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. പരിശോധന സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞതാണ് നിലപാടെന്നും സുധാകരന്‍ പറഞ്ഞു.
തന്റെ വകുപ്പിലും റെയ്ഡ് നടന്നിട്ടുണ്ട്. അത് മന്ത്രിമാരെ ബാധിക്കുന്ന കാര്യമല്ലെന്നും റെയ്ഡ് വിവരം വകുപ്പ് മന്ത്രി അറിയണമെന്ന് നിര്‍ബന്ധമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രി ജി.സുധാകരന്റെ വാക്കുകള്‍
വിജിലന്‍സ് പരിശോധന എല്ലാ വകുപ്പിലും ഉണ്ട്. എന്റെ വകുപ്പില്‍ എത്രവട്ടം പരിശോധന നടന്നു. ഞാന്‍ എന്തെങ്കിലും പറഞ്ഞോ. ഇതൊക്കെ സ്വാഭാവികമായ നടപടിയാണ്. കേന്ദ്ര ഏജന്‍സി വട്ടമിട്ടു പറന്ന് നടന്നെന്ന് വച്ച് വിജിലന്‍സിനെ പിരിച്ചു വിടണോ. വിജിലന്‍സ് നന്നായി പ്രവര്‍ത്തിക്കണം. കേന്ദ്രത്തിന് നമ്മളെ ഉപദ്രവിക്കാനുള്ള വടി കൊടുക്കലാണ് അത്. അവര്‍ അന്വേഷിച്ചോട്ടെ എന്തുവേണമെങ്കിലും, പക്ഷേ ആരേയും ആക്ഷേപിക്കാനായി അന്വേഷിക്കരുത്.
പ്രതിപക്ഷത്തിന് ഇതൊന്നും ആയുധമായി മാറില്ല. അവരുടെ കൈയിലുള്ളത് ഒടിഞ്ഞ വില്ലാണ്. എല്ലാ വകുപ്പിലും വിജിലന്‍സ് അന്വേഷണമുണ്ട്. എന്റെ വകുപ്പില്‍ കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് 300ലേറെ ഫയലുകള്‍ ഞാന്‍ വിജിലന്‍സിന് കൊടുത്തിട്ടുണ്ട്. പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് മൂന്ന് തരം അന്വേഷണത്തിന് ഞാന്‍ ശുപാര്‍ശ കൊടുത്തിട്ടുണ്ട്. ഇതൊക്കെ സാധാരണ നടപടിക്രമമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതുമതി.
കെ.എസ്.എഫ്.ഇ നല്ല പേരെടുത്ത സ്ഥാപനമാണ്. അവിടെ അന്വേഷണം ഉണ്ടായപ്പോള്‍ എന്തുകൊണ്ട് എന്ന ചോദ്യം വന്നു അത്രമാത്രം. ഇവിടെ ധനകാര്യ പരിശോധന വിഭാഗവും വിജിലന്‍സും എല്ലാം വേണം. എങ്കില്‍ മാത്രമേ കാര്യങ്ങള്‍ നന്നായി നടക്കൂ. എന്റെ വകുപ്പില്‍ നിന്നാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ കൊടുക്കുന്നത്. അവര്‍ തെറ്റായി പ്രവര്‍ത്തിക്കാതെ നോക്കിയാല്‍ മതി. അല്ലാതെ അവരുടെ പ്രവര്‍ത്തനം തടയാന്‍ പറ്റുമോ. വിജിലന്‍സ് റെയ്ഡ് കൊണ്ട് കെ.എസ്.എഫ്.ഇക്ക് എന്ത് സംഭവിക്കാനാണ്.
ഊരാളുങ്കലില്‍ ഇ.ഡി പരിശോധന നടത്തിയിട്ട് ഒരു കാര്യവുമില്ല. യുഎല്‍സിസിക്ക് ഏറ്റവും കൂടുതല്‍ പദ്ധതി കൊടുത്തത് യുഡിഎഫ് സര്‍ക്കാരാണ്. മലപ്പുറത്ത് ആറ് മണ്ഡലത്തിലൂടെ പോകുന്ന ഒരു റോഡിന്റെ നവീകരണം ഒറ്റ പദ്ധതിയായി യുഎല്‍സിസിക്ക് കൊടുത്തു. ആറാട്ടുപുഴ തെക്കേക്കര മുതല്‍ കൊല്ലം വരെ 162 കോടിയുടെ റോഡ് പദ്ധതി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് യുഎല്‍സിസിക്ക് കൊടുത്തു. അതു പിന്നെ നടപ്പാക്കിയത് എന്റെ കാലത്താണ്. ഫെബ്രുവരിയില്‍ ആ പദ്ധതിയിപ്പോള്‍ ഉദ്ഘാടനം ചെയ്യും.
കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ഇത്തരം രാഷ്ട്രീയമൊന്നുമില്ല. അവര്‍ക്ക് ബിസിനസാണ് പ്രധാനം. കൈക്കൂലിയായി അഞ്ച് നയാപൈസ അവര്‍ ആര്‍ക്കും കൊടുക്കില്ല. മണ്ഡലത്തിലെ പദ്ധതികളെല്ലാം അവര്‍ ഏറ്റെടുത്താല്‍ മതിയെന്നാണ് എല്ലാ എംഎല്‍എമാരും പറയുന്നത്. കേരളത്തില്‍ ഇത്തരം നിര്‍മാണ കമ്പനികള്‍ കുറവാണ്.