തിരുവനന്തപുരം: മറ്റു പൊതുഗതാഗത സംവിധാനങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പാരമ്യത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ് മാത്രം തുടരുന്ന റെയില്‍വേയുടെ നടപടിയ്‌ക്കെതിരെ നിലപാട് കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് എന്ന യാത്രക്കാരുടെ കൂട്ടായ്മ. ഇത് ജനങ്ങളുടെ കേവലം യാത്രാപ്രശ്‌നം മാത്രമല്ല, ജീവിതപ്രശ്‌നമാണെന്നും അടിയന്തിര ഇടപെടല്‍ അനിവാര്യമാണെന്ന് ആവശ്യപ്പെട്ടാണ് യാത്രക്കാരുടെ കൂട്ടായ്മ പ്രക്ഷോഭത്തിന് ഇറങ്ങുന്നത്.
കോവിഡാനന്തരം ബസ് ചാര്‍ജ് വര്‍ധനവില്‍ അടക്കം ഉണ്ടായിരുന്ന എല്ലാ നിബന്ധനകളിലും ഇളവ് വരുത്തി ജനജീവിതം സാധാരണ ഗതിയിലേക്ക് മടക്കി കൊണ്ടുവരാനുള്ള ശ്രമം മറ്റു ഗതാഗത സംവിധാനങ്ങള്‍ സ്വീകരിച്ചപ്പോള്‍ റെയില്‍വേ പുതിയ സ്‌പെഷ്യല്‍ ട്രെയിനുകളെ അവതരിപ്പിച്ച് റിസര്‍വേഷന്‍ ചാര്‍ജുകളും ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ ഫെയര്‍ ചാര്‍ജുകളും ഈടാക്കി കൊള്ളലാഭമാണ് ലക്ഷ്യമിടുന്നത്.
റിസര്‍വേഷന്‍ ചാര്‍ജുകള്‍ക്ക് പുറമെ ഐആര്‍സിറ്റിസി ഫീ, ഏജന്റ് ഫീ, പേയ്മെന്റ് ഗേറ്റ് വേ ഫീ എന്നിവയടക്കം നല്ല ഒരു തുക ഈ സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് യാത്രക്കാര്‍ നല്‍കേണ്ടി വരുന്നുണ്ട്. ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് ഇരട്ടിയും അതിലധികവുമാണ് യാത്രക്കൂലിയെന്ന വ്യാജേന ഈടാക്കുന്നത്.ജോലി ആവശ്യങ്ങള്‍ക്ക് അധികചാര്‍ജ്ജ് നല്‍കി യാത്രചെയ്യാന്‍ തയ്യാറായാലും ഐആര്‍സിറ്റിസി യിലൂടെ ഒരാള്‍ക്ക് ഒരു മാസം എടുക്കാന്‍ കഴിയുന്ന ടിക്കറ്റിന്റെ പരിധി വെറും ആറ് ടിക്കറ്റ് എന്നതും മറ്റൊരു പ്രതിസന്ധിയാണ്. ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്താല്‍ പോലും ഒരാള്‍ക്ക് പരമാവധി 12 ടിക്കറ്റ് മാത്രമേ ഐര്‍സിറ്റിസിയിലൂടെ ലഭിക്കുകയുള്ളു.
റെയില്‍വേ പൂര്‍ണ്ണമായും സമ്പന്നര്‍ക്ക് സംവരണം ചെയ്തിരിക്കുകയാണ് എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. സീസണ്‍ ടിക്കറ്റുപയോഗിച്ചിരുന്ന സാധാരണക്കാരന് ദിവസേന റിസര്‍വേഷന്‍ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുക അസാധ്യമായ കാര്യമാണ്. ഓഫീസ് സമയങ്ങളില്‍ ട്രെയിനുകളുടെ ലഭ്യതകുറവും യാത്രാനിരക്കിലെ വര്‍ദ്ധനവും കാരണം കൊച്ചി പോലുള്ള മെട്രോ സിറ്റിയെയും മറ്റു ജില്ലാ കേന്ദ്രങ്ങളെയും ഉപജീവനത്തിനായി ആശ്രയിക്കുന്നവര്‍ക്ക് റൂം വാടകയ്ക്കായി ശമ്പളത്തിന്റെ സിംഹഭാഗം നീക്കി വെയ്‌ക്കേണ്ടി വരുന്നുണ്ട്.
കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് ജോലിയ്ക്ക് വന്നുപോകാന്‍ അനുകൂലമായ രീതിയിലാണ് ജനശതാബ്ദി ട്രെയിനുകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. മറ്റു ട്രെയിനുകളുടെ ആഭാവത്തില്‍ ശതാബ്ദിയ്ക്ക് ടിക്കറ്റ് ലഭിക്കാന്‍ വളരെ പ്രയാസമാണ് ഇപ്പോള്‍. മലബാര്‍, മാവേലി എക്‌സ്പ്രസ്സുകള്‍ ഡിസംബറില്‍ ഓടി തുടങ്ങുമെങ്കിലും സ്‌പെഷ്യല്‍ ട്രെയിനായി അനുവദിച്ചിരിക്കുന്നതിനാല്‍ യാത്രക്കാരിലേയ്ക്ക് അതിന്റെ ഗുണം എത്തുന്നില്ല. മംഗലാപുരം മുതല്‍ കണ്ണൂര്‍ വരെയും കൊല്ലം മുതല്‍ തിരുവനന്തപുരം വരെയും മലബാര്‍ എക്‌സ്പ്രസ്സ് സീസണ്‍ യാത്രക്കാര്‍ക്ക് അനുകൂലമായ സമയക്രമമാണ്.
റിസര്‍വേഷന്‍ അധികചാര്‍ജുകള്‍ സാധാരണക്കാരന്റെ സാമ്പത്തിക ഭദ്രത താറുമാറാക്കുന്നതാണ്. കച്ചവടങ്ങളിലും മറ്റു സാമ്പത്തിക മേഖലയിലും കോവിഡ് മൂലം മാന്ദ്യം ബാധിച്ചിരിക്കുന്ന അവസ്ഥയില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനം കൈക്കൊള്ളേണ്ട റെയില്‍വേ ജനങ്ങളെ ദ്രോഹിക്കുന്ന പദ്ധതികള്‍ ഉപേക്ഷിക്കണം. കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ ലോക്ക് ഡൗണിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഞജഎ അധികാരികള്‍ക്കും റെയില്‍വേ ജീവനക്കാര്‍ക്കും മാസ്‌കും സാനിറ്റൈസര്‍ വിതരണവുമായി സജീവമായ പ്രവര്‍ത്തനം കാഴ്ചവെച്ച യാത്രക്കാരുടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പുല്ല് വിലപോലും നല്കാത്ത നിലപാടാണ് റെയില്‍വേ ഇന്ന് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. കോവിഡിന്റെ മറപിടിച്ചു സാധാരണക്കാരന്റെ പോക്കറ്റ് കൊള്ളയടിക്കുന്ന റെയില്‍വേയുടെ നിലപാടിനെതിരെ കേരളത്തിലെ പ്രധാനറെയില്‍വേ സ്റ്റേഷനുകളില്‍ സംഘടിക്കാനൊരുങ്ങുകയാണ് യാത്രക്കാര്‍.
സീസണ്‍ ടിക്കറ്റ് ഉള്‍പ്പെടെ മുമ്പ് റെയില്‍വേ അനുവദിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും മടക്കികൊണ്ടുവന്നാല്‍ മാത്രമേ ജനജീവിതം സാധാരണഗതിയിലേയ്ക്ക് മടക്കി കൊണ്ടുവരാന്‍ കഴിയുകയുള്ളു. റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചു ജീവിതമാര്‍ഗ്ഗം തേടിയിരുന്ന കച്ചവടക്കാര്‍ക്കും ഓട്ടോ ടാക്‌സി ഡ്രൈവറുമാര്‍ക്കും പങ്ക് വെയ്ക്കാനുണ്ട് പട്ടിണിയില്‍ പൊതിഞ്ഞ കഥകള്‍ വേറെയും. ഇനി ആവശ്യം ദീര്‍ഘദൂര സ്‌പെഷ്യല്‍ ട്രെയിനുകളല്ല. വഞ്ചിനാട്, ഇന്റര്‍സിറ്റി, എക്‌സിക്യൂട്ടീവ്, ഏറനാട്, പരശുറാം എക്‌സ്പ്രസ്സുകളും മെമു- പാസഞ്ചര്‍ സര്‍വ്വീസുകളുമാണ്.
ജോലി ആവശ്യങ്ങള്‍ക്കായി കേരളജനത ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഗതാഗത മാര്‍ഗ്ഗമായ റെയില്‍ മേഖലയില്‍ ജനപ്രതിനിധികളുടെ ഇടപെടല്‍ വൈകുന്നതാണ് വീണ്ടും സ്‌പെഷ്യല്‍ ട്രെയിന്‍ എന്ന പേരില്‍ ജനങ്ങളെ കൊള്ളയടിക്കാനുള്ള തീരുമാനമെടുക്കാന്‍ റെയില്‍വേയെ പ്രേരിപ്പിക്കുന്നത്. ജനപ്രതിനിധികള്‍ ഇനിയും കണ്ണുകള്‍ അടച്ചു സ്വയം ഇരട്ടാക്കിയാല്‍ ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ ജീവിതം വഴിമുട്ടി നില്‍ക്കുന്നവരുടെ കഥകള്‍ നാളെ പത്രങ്ങള്‍ക്ക് വാര്‍ത്തയാകും











