സുധീർ നാഥ്
1947 ആഗസ്റ്റ് മാസം പതിനാലാം തീയതി . ഇന്ത്യ സ്വാതന്ത്ര്യം ആകാൻ പോകുന്നു എന്ന വാർത്ത കാട്ടുതീ പോലെയാണ് ഡൽഹിയിലും പരിസര പ്രദേശങ്ങളിലും പരന്നത്. സ്വാതന്ത്ര്യ സമരത്തിന് വേണ്ടി പോരാടിയ ആയിരക്കണക്കിനു ഇന്ത്യക്കാർക്ക് ആഹ്ലാദം പകരുന്നതായിരുന്നു ആ വാർത്ത. അക്കാലത്ത് വളരെ സജീവമായിരുന്നു ഡൽഹിയിലെ സിരാ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ കേരള ക്ലബ്. അക്കാലത്ത് സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ടൈപ്പ്റൈറ്റിംഗ് ജോലി ചെയ്തിരുന്നത് ഭൂരിപക്ഷവും മലയാളികൾ ആയിരുന്നു.
കേരള ക്ലബ്ബിന്റെ സെക്രട്ടറിയായിരുന്ന കാർട്ടൂണിസ്റ്റ് കുട്ടി വിവരമറിഞ്ഞ് കേരള ക്ലബ്ബിൽ എത്തുകയും അവിടെ ഒത്തു കൂടിയ മലയാളികളായ കുറെ ചെറുപ്പക്കാരുടെ സംഘടിപ്പിച്ച ഒരു ജാഥ നടത്തുകയും ഉണ്ടായി. പച്ചമലയാളത്തിലടക്കം മുദ്രാവാക്യം വിളിച്ചാണ് അന്ന് ത്രിവർണ്ണ പതാകയുമായി കുട്ടിയും സംഘവും പാർലമെന്റ് ലക്ഷ്യമാക്കി കേരള ക്ലബ്ബിൽ നിന്ന് ജാഥ നയിച്ചത്. ജാഥയിൽ മലയാളികൾ അല്ലാത്ത പലരും കൂടിയിരുന്നു. വലിയൊരു ആഘോഷമായി തന്നെയാണ് ജാഥ പോയത്. വലിയ ആവേശമായിരുന്നു അന്നത്തെ ജാഥയിലുണ്ടായിരുന്നതെന്ന് കുട്ടി തന്റെ ആത്മകഥയിൽ പറയുന്നുണ്ട്.
ഇന്നത്തെ പോലെ പാർലമെന്റിന്റെ അകത്ത് കടക്കുക എന്നുള്ളത് ഒരു ദുഷ്കരമായ കാര്യം അല്ലായിരുന്നു. പാർലമെന്റ് കെട്ടിടത്തിന്റെ മുറ്റത്തു കൂടിയാണ് ബസ്സുകൾ വരെ പോയിരുന്നത്. അന്ന് പാർലമെന്റ് കെട്ടിടത്തിന് ചുറ്റും ജനങ്ങൾ കൂടി. വാർത്തകൾ അറിഞ്ഞവർ എല്ലാം ഒത്തുകൂടിയത് അവിടെ ആയിരുന്നു. ജീവിതത്തിൽ മറക്കുവാൻ സാധിക്കാത്ത നിമിഷമെന്ന് പലരും പിൽക്കാലത്ത് ആഗസ്റ്റ് 14 ന് വൈകീട്ട് നടന്ന പാർലമെന്റിന് പുറത്തെ പ്രകടനത്തെ വിലയിരുത്തിയിട്ടുണ്ട്. വൃത്താകൃതിയിലുള്ള വലിയ കെട്ടിടത്തിനു ചുറ്റും ആഹ്ലാദ പ്രകടനം നടത്തിയതിനു ശേഷം അവർ കേരള ക്ലബ്ബിലേക്ക് തിരിച്ചെത്തി. സ്വാതന്ത്ര്യ ആഘോഷത്തിന് ആദ്യത്തെ ജാഥ മലയാളികൾ നേതൃത്വം കൊടുത്ത ഇതായിരിക്കും എന്ന് തന്നെയാണ് വിശ്വാസം.



















