അബൂദാബി: യു.എ.ഇയുടെ തലസ്ഥാന എമിറേറ്റില്‍ സര്‍വിസ് നടത്തുന്ന 520 പൊതുഗതാഗത ബസുകളില്‍ യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ കണക്ടിവിറ്റി സൗകര്യം ലഭ്യമാണെന്ന് അബൂദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐ.ടി.സി) അറിയിച്ചു. അബൂദാബിയിലെ എല്ലാ പൊതുഗതാഗത ബസുകളിലും സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമാണിത്.
അബൂദാബി സിറ്റിയില്‍ 410ഉം അല്‍ഐന്‍ സിറ്റിയില്‍ 110ഉം ബസുകളില്‍ പദ്ധതി നടപ്പാക്കി. പൊതുഗതാഗത ബസ് യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ഉപയോക്താക്കളുടെ സംതൃപ്തി വര്‍ധിപ്പിക്കുന്നതിനും ഐ.ടി.സി ആരംഭിച്ച പദ്ധതിയുടെ ഭാഗമാണിത്. സൗജന്യ വൈഫൈ സേവനം അബൂദാബി എമിറേറ്റിലുടനീളമുള്ള പ്രധാന ബസ് സ്റ്റേഷനുകളിലും ബസ് ഷെല്‍ട്ടറുകളിലും ലഭ്യമാണ്.












