കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ബിഷപ്പ് ഫ്രാങ്കോ പുനഃപരിശോധനാഹര്‍ജി നല്‍കിയത്. എന്നാല്‍ മുന്‍ ഉത്തരവില്‍ പിഴവില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിക്കുകയായിരുന്നു.
കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷിന്‍റെ നേതൃത്വത്തിലൂള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലു മാസത്തോളം വിശദമായ അന്വേഷണം നടത്തിയാണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്‍തത്.