ഫ്രാന്‍സില്‍ ആദ്യമായി ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതിവ്യാപന ശേഷിയുള്ള വൈറസായതിനാല്‍ രാജ്യത്ത് കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തി.
ഡിസംബര്‍ 19ന് ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍ 21ന് പരിശോധനക്ക് വിധേയമാക്കിയ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തിങ്കളാഴ്ച ഫ്രാന്‍സ് ആരോഗ്യമന്ത്രി ഒലിവിയര്‍ വെരന്‍ രാജ്യത്ത് കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതായി സ്ഥിരീകരിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വിദഗ്ധര്‍. സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കാനാണ് നീക്കം.
അതേസമയം, റോമില്‍ ഒരാള്‍ക്ക് പുതിയ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ഇറ്റാലിയന്‍ അധികൃതര്‍ അറിയിച്ചു. ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലായി ഒമ്പതോളം പേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.