ഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് വിട നല്‍കി രാജ്യം. ഡല്‍ഹിയിലെ ലോധി റോഡ് ശ്മശാനത്തില്‍ പൂര്‍ണദേശീയ ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പൊതുദര്‍ശനം മുതല്‍ സംസ്‌കാരം വരെയുള്ള ചടങ്ങുകള്‍.
കോവിഡ് ബാധിതനായതിനാല്‍ പ്രത്യേക പേടകത്തില്‍ അടക്കം ചെയ്താണ് പ്രണബ് മുഖര്‍ജിയുടെ മൃതദേഹം വിട്ടുനല്‍കിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സംയുക്ത സൈനിക ജനറല്‍ ബിപിന്‍ റാവത്ത്, രാഹുല്‍ഗാന്ധി തുടങ്ങിയവര്‍ പ്രണബ് മുഖര്‍ജിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
പ്രണബ് മുഖര്‍ജിയുടെ ഛായാ ചിത്രത്തിന് മുന്‍പിലാണ് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നത്. വിലാപയാത്ര ഒഴിവാക്കി കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രത്യേക വാഹനത്തിലാണ് മൃതദേഹം ശ്മശാനത്തിലേക്കെത്തിച്ചത്. പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ ഒരാഴ്ച രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.