ഗല്‍വാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്‌കരണം രാജ്യത്ത് തുടരുമ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാരില്‍ ചൈനയില്‍ നിന്നുള്ള കമ്പനികളെയും നിലനിര്‍ത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള രംഗത്ത്.
“ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുമ്പോഴും ചൈനീസ് കമ്പനികള്‍ ഐപിഎല്ലിന്റെ മുഖ്യസ്‌പോണ്‍സര്‍മാരായി തുടരും. ചൈനയുടെ പണം/നിക്ഷേപം/സ്‌പോണ്‍സര്‍ഷിപ്പ്/പരസ്യം എന്നിവ കൈകാര്യം ചെയ്യുന്ന വിധത്തെ കുറിച്ച് ആശയക്കുഴപ്പത്തിലായ നമ്മെ ചൈന അപമാനിക്കുന്നതില്‍ അതിശയിക്കേണ്ടതില്ല”, ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു.
Chinese cellphone makers will continue as title sponsors of the IPL while people are told to boycott Chinese products. It’s no wonder China is thumbing it’s nose at us when we are so confused about how to handle Chinese money/investment/sponsorship/advertising.
— Omar Abdullah (@OmarAbdullah) August 2, 2020
സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ നേരത്തെയുള്ള സ്‌പോണ്‍സര്‍മാരെ നിലനിര്‍ത്താനുള്ള ഐപിഎല്‍ ഭരണസമിതിയുടെ തീരുമാനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഒമര്‍ അബ്ദുള്ള. ഇങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിക്കുമെന്നാലോചിക്കാതെ ചൈനീസ് കമ്പനികള്‍ നിര്‍മിച്ച ടെലിവിഷനുകള്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്കെറിഞ്ഞ വിഡ്ഢികളെ കുറിച്ച് തനിക്ക് ദുഃഖമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ടി20 ലോകകപ്പ് മാറ്റിവയ്ക്കാന്‍ ഐസിസി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന് വിപരീതമായി ഐപിഎല്‍ നടത്താന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.
ഈ വര്‍ഷം ഐപിഎല്‍ സെപ്തംബര്‍ 19ന് നടക്കുമെന്ന് ബിസിസിഐ അറിയിച്ചു. യുഎഇയില്‍ വച്ചാണ് മത്സരം നടക്കുക. ചൈനീസ് കമ്പനിയായ വിവോ തന്നെയാണ് പ്രധാന സ്‌പോണ്‍സറായി തുടരുക അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും.
ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ കൂടിക്കാഴ്ച നടത്തി ഐപിഎല്‍ മത്സരക്രമത്തിന് അനുമതി നല്‍കി. ഫൈനല്‍ നവംബര്‍ 10ന് നടക്കും. ആദ്യഘട്ടത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ല. എന്നാല്‍ രണ്ടാം ഘട്ടത്തിൽ യുഎഇ സർക്കാരിൻ്റെ തീരുമാനം കൂടി പരിഗണിച്ച് 30 ശതമാനം മുതൽ 50 ശതമാനം കാണികെളെ വരെ പ്രവേശിപ്പിക്കും.