കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍നിന്ന് നേരിട്ട് വിമാന സര്‍വീസിന് അനുമതി നല്‍കുന്നത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനം എല്ലാ ദിവസവും വിലയിരുത്തുന്നുണ്ടെങ്കിലും 34 രാജ്യങ്ങളുടെ പട്ടികയില്‍ തല്‍ക്കാലം മാറ്റം വരുത്തേണ്ടെന്നാണ് തീരുമാനം.
വിലക്കുള്ള രാജ്യങ്ങളില്‍നിന്ന് ഉള്‍പ്പെടെ ഗാര്‍ഹികത്തൊഴിലാളികളെ കൊണ്ടുവരാന്‍ പ്രത്യേക സംവിധാനം ഒരുക്കുന്നുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഡ്രൈവ് നടത്തിയ ശേഷം പ്രത്യേക വിമാനങ്ങളില്‍ വീട്ടുജോലിക്കാരെ കൊണ്ടുവരാനാണ് നീക്കം. ഇവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം.
എന്നാല്‍, തൊഴില്‍ വിസയിലുള്ള മറ്റുള്ളവര്‍ക്ക് തല്‍ക്കാലം നേരിട്ട് കുവൈത്തിലേക്ക് വരാന്‍ കഴിയില്ല. വിമാനക്കമ്പനികള്‍ ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കര്‍മ പദ്ധതി സര്‍ക്കാറിന്റെ മുന്നിലുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കാനാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഡിസംബര്‍ അഞ്ചിനാണ് കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്.



















