കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്നു അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ ഗര്‍ഭിണികളാണ്. ജി 7, ജി 8 വാര്‍ഡുകളിലുണ്ടായിരുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഈ വാര്‍ഡുകളില്‍ ഉണ്ടായിരുന്നു മറ്റു രോഗികളെ വേറൊരു വാര്‍ഡിലേക്ക് മാറ്റി പാര്‍പ്പിച്ചു. കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഡോക്ടര്‍മാരുടെ പട്ടിക ഇന്ന് തയ്യാറാക്കും.
അതേസമയം ചികിത്സയ്ക്കെത്തിയ രോഗിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നേരത്തെ നേത്ര വിഭാഗം അടച്ചിരുന്നു. നിലവില്‍ ആശുപത്രിയിലെ 16 ഡോക്ടര്‍മാര്‍ നീരീക്ഷണത്തിലാണ്. സംസ്ഥാത്തെ മെഡിക്കല്‍ കോളേജുകളില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് വലിയ ആശങ്കകള്‍ക്കിടയാക്കിയിരിക്കുകയാണ്. കൂടാതെ ഡോക്ടര്‍മാരും നഴ്‌സുമാരും നിരീക്ഷണത്തില്‍ പോകുന്നതും ആരോഗ്യ മേഖലയില്‍ പ്രതിസന്ധിയ്ക്ക് ഇടയാക്കുകയാണ്. ആശുപത്രികളിലെ ഒപി വിഭാഗങ്ങളിലെല്ലാം ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ മറ്റു രോഗങ്ങള്‍ക്കായി മെഡിക്കല്‍ കോളേജുകളില്‍ ചികിത്സ തേടുന്നവരുടെ കാര്യം പ്രതിസന്ധിയ്ക്കിടയാകാനാണ് സാധ്യത. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 150 ഓളം ജീവനക്കാര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണുളളത്.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെയും സ്ഥിതി മോശമാണ്. ഡോക്ടര്‍മാരുള്‍പ്പടെ 55 ഓളം പേരാണ് നിരീക്ഷണത്തില്‍ പോയിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കേളേജിലെ നഴ്സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെഫ്രോളജി വിഭാഗം അടച്ചിരുന്നു. കണ്ണൂരില്‍ ഡോക്ടര്‍ക്കും പി ജി വിദ്യാര്‍ത്ഥിക്കും കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 50 പോരോളം നിരീക്ഷണത്തില്‍ പോയിരിക്കുകയാണ്.

















