നാഗാലാന്റില്‍ കോവിഡ് ബാധിച്ച് ആദ്യ മരണം റിപോര്‍ട്ട് ചെയ്തു. ദിമാപൂര്‍ കോവിഡ് ആശുപത്രിയില്‍ മരിച്ച വ്യക്തിക്ക് കോവിഡിന് പുറമെ മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 65 പുതിയ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാനത്ത് നിലവില്‍ 1,239 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. അതില്‍ 537 പേരുടെ രോഗം ഭേദമായി. 701 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. നാഗാലാന്റ് സംസ്ഥാന കോവിഡ് നോഡല്‍ ഓഫിസര്‍ നല്‍കുന്ന കണക്കനുസരിച്ച് രോഗികളില്‍ 32 പേര്‍ സൈനികരാണ്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദിമാപൂര്‍ ജില്ലയില്‍ നാളെ മുതല്‍ ആഗസ്റ്റ് രണ്ട് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രോഗവ്യാപനം തടയാന്‍ ഫലപ്രദ നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചതായി ദിമാപൂര്‍ കലക്ടര്‍ അനൂപ് ഖിഞ്ചി ഉത്തരവില്‍ പറഞ്ഞു.












