കോവിഡ് 19 നെ തുടര്‍ന്ന് ഉത്തര കൊറിയയിലെ കിസോങ് സിറ്റിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് കിസോങ്. കിസോങ്ങിലെ ഒരാള്‍ക്ക് കോവിഡ് രോഗ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അപകടകാരിയായ വൈറസ് രാജ്യത്ത് കടന്നതായാണ് കരുതുന്നതെന്ന് കിം ജോങ് ഉന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ രോഗബാധയുണ്ടെന്ന് സംശയിക്കുന്നയാള്‍ക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ ഉത്തരകൊറിയയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസായിരിക്കും ഇത്. ഇതുവരെ രാജ്യത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നായിരുന്നു കിം ജോങ് ഉന്നിന്റെ അവകാശവാദം. വെള്ളിയാഴ്ച്ചയാണ് കിസോങ്ങില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. സൗത്ത് കൊറിയയില്‍ നിന്ന് കഴിഞ്ഞയാഴ്ച്ച അനധികൃതമായി അതിര്‍ത്തി കടന്ന് ഉത്തര കൊറിയയില്‍ എത്തിയ ആള്‍ക്കാണ് കോവിഡ് ബാധയുള്ളതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
കോവിഡ് രോഗബാധയുണ്ടെന്ന് സംശയിക്കുന്ന ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയും നിരീക്ഷണത്തിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് സംശയത്തെ തുടര്‍ന്ന് കിം ജോങ് ഉന്‍ വിളിച്ച അടിയന്തര യോഗത്തിലാണ് ലോക്ക്ഡൗണ്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകത്തെല്ലായിടത്തും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഉത്തരകൊറിയയില്‍ രോഗ ബാധ ഇല്ലെന്ന കിം ജോങ് ഉന്നിന്റെ അവകാശവാദത്തില്‍ അമേരിക്ക സംശയം പ്രകടിപ്പിച്ചിരുന്നു. ചൈനയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ജനുവരിയില്‍ അതിര്‍ത്തികള്‍ അടക്കാന്‍ കിം ഉത്തരവിട്ടിരുന്നു.

















