യു.എ.ഇയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലും വില്ലകളിലും ഫയര്‍ ഡിറ്റക്ടര്‍ നിര്‍ബന്ധമാക്കും. യു.എ.ഇ കാബിനറ്റ് തീരുമാന പ്രകാരമാണ് സിവില്‍ ഡിഫന്‍സിന്റെ ഇലക്ട്രോണിക് ലിങ്കേജ് നിരീക്ഷണ സംവിധാനം ഉറപ്പാക്കുന്ന ഫയര്‍ ഡിറ്റക്ടര്‍ എല്ലാ പാര്‍പ്പിടങ്ങളിലും സ്ഥാപിക്കണമെന്നത് കര്‍ശനമാക്കുന്നത്.
കെട്ടിടങ്ങളിലെ താമസക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ഫയര്‍ ഡിറ്റക്ടര്‍, കെട്ടിട ഉടമകളാണ് എല്ലാ പാര്‍പ്പിടങ്ങളിലും സ്ഥാപിക്കേണ്ടത്. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും തീപിടിത്തത്തില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും ഈ ഉപകരണം സഹായകമാവും.
2017-2019 കാലയളവില്‍ യു.എ.ഇയില്‍ ജനങ്ങള്‍ താമസിക്കുന്ന പാര്‍പ്പിട കെട്ടിടങ്ങളിലെ അഗ്‌നിബാധയില്‍ 68പേര്‍ മരിക്കുകയും ഒട്ടേറെ ഭൗതിക നഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു. 2019ലുണ്ടായ അഗ്‌നിബാധയില്‍ 66 ശതമാനവും താമസ സ്ഥലങ്ങളിലായിരുന്നു. 2018ലും ഇതേ നിലയിലായിരുന്നയിരുന്നു പാര്‍പ്പിടങ്ങളില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തത്.