ജിദ്ദ: ട്രാക്കുകള്‍ ലംഘിക്കുന്ന വാഹനങ്ങളെ ക്യാമറ വഴി കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനം നടപ്പാക്കാനൊരുങ്ങി സൗദി. റിയാദ്,ജിദ്ദ,ദമാം നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. 300 മുതല്‍ 500 റിയാല്‍ വരെയാണ് പിഴ ഈടാക്കുകയെന്ന്് ട്രാഫിക് വിഭാഗം അറിയിച്ചു. റോഡുകളില്‍ ഗതാഗത സുരക്ഷ ഉറപ്പു വരുത്താനും അപകടങ്ങള്‍ കുറക്കാനുമാണ് ട്രാക്ക് പാലിക്കല്‍ വ്യവസ്ഥ നടപ്പാക്കുന്നത്.റെഡ് സിഗ്നല്‍ കട്ട് ചെയ്യല്‍, അമിത വേഗം, ഡ്രൈവിംഗിനിടെ കൈ കൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍,സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ ക്യാമറ വഴി നിരീക്ഷിച്ച് പിഴ ചുമത്തുന്ന സംവിധാനം നേരത്തെ നിലവിലുണ്ട്.
നിരോധിത സമയങ്ങളില്‍ ലോറികളും ട്രക്കുകളും നഗരങ്ങളില്‍ പ്രവേശിക്കുന്നത് നിരീക്ഷിച്ച് കണ്ടെത്തുന്ന സംവിധാനമാണ് ഈ രംഗത്ത് ഏറ്റവും ഒടുവിലായി നടപ്പാക്കിയത്. സാങ്കേതിക വിദ്യകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗപ്പെടുത്തി ട്രാഫിക് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടി ക്രമങ്ങള്‍ മെച്ചപ്പെടുത്താനും സേവനങ്ങളുടെ ഗുണ നിലവാരം ഉയര്‍ത്താനും പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
വാഹന രജിസ്‌ട്രേഷന്‍,ലൈസന്‍സ് അനുവദിക്കല്‍ അടക്കമുള്ള സേവനങ്ങള്‍ എളുപ്പമാക്കാനും നിയമലംഘനങ്ങള്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ക്കും മറ്റു സേവനങ്ങള്‍ക്കും ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം വിപുലീകരിക്കാനുമാണ് ആഭ്യന്തരമന്ത്രാലയം ശ്രമിക്കുന്നത്.