കെ.അരവിന്ദ്
ചില വിശേഷണങ്ങള്‍ക്ക് കാലാന്തരത്തില്‍ അര്‍ത്ഥവ്യാപ്‌തി നഷ്‌ടപ്പെടാറുണ്ട്. ജനാധിപത്യം വാഴുന്ന കാലത്ത് രാജാവ് എന്ന വിശേഷണം ഇപ്പോഴും ഒരു സമ്പ്രദായമെന്ന നിലയില്‍ പേരിനൊപ്പം കൊണ്ടുനടക്കുന്നവരുണ്ട്. പേരില്‍ മാത്രമേയുള്ളൂ അവര്‍ക്ക് രാജകീയത. സാമൂഹികമായ മാറ്റം വന്നപ്പോള്‍ നഷ്‌ടപ്പെട്ടതാണ് രാജാവ് എന്ന പദവിയുടെ അര്‍ത്ഥവ്യാപ്‌തി. സാമ്പത്തികമായ ഉന്നതിയെ കുറിക്കുന്ന വാക്കുകള്‍ക്കും ഇതുപോലെ അര്‍ത്ഥം നഷ്‌ടപ്പെട്ടിട്ടുണ്ട്.
ലക്ഷം രൂപ കൈവശമുള്ളയാളെ ലക്ഷപ്രഭു എന്നാണ് മുന്‍കാലങ്ങളില്‍ വിളിച്ചിരുന്നത്. ഇന്ന് ഐടി പോലുള്ള മേഖലകളില്‍ അഞ്ചോ പത്തോ വര്‍ഷം അനുഭവപരിചയമുള്ളവര്‍ക്കോ ഓഫീസര്‍ റാങ്കിലുള്ള സര്‍ ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ ഒരു ലക്ഷം രൂപക്ക് മുകളില്‍ മാസശമ്പളം തന്നെ ലഭിക്കുന്നു. അ വരെയാരും ലക്ഷപ്രഭു എന്ന് വിളിക്കാറില്ല. വിളിക്കുകയാണെങ്കില്‍ തന്നെ അത് പരിഹാസമായേ കരുതൂ. ലക്ഷം രൂപ കൈവശമുള്ളവന്‍ പ്രഭുവായിരുന്നെങ്കില്‍ കോടി രൂപ കൈ യിലുള്ളവര്‍ കോടീശ്വരന്‍മാരായിരുന്നു. ഒരു കോടി രൂപ ഇന്നും വലിയ തുകയാണെങ്കിലും കോടീശ്വരന്‍ എന്ന് അത്രയും പണം കൈവശമുള്ളയാളെ ആരും വിളിക്കാറില്ല.
മുന്‍കാലങ്ങളില്‍ ഒരു കോടി രൂപ കൈവശമുള്ളവര്‍ അപൂര്‍വമായിരുന്നു. ഈശ്വരന്റെ പ്രത്യേക അനുഗ്രഹമുള്ളവര്‍ക്ക് മാത്രം സാ ധ്യമായ കാര്യമായാണ് അന്ന് ആളുകള്‍ അ ത്തരം നേട്ടങ്ങളെ കണ്ടിരുന്നത്. അതുകൊണ്ട് ഒരു കോടി രൂപ കൈവശമുള്ളവന്‍ കോടീശ്വരനായി കണക്കാക്കപ്പെട്ടു. എന്നാല്‍ ഇന്ന് ഒരു കോടി രൂപ കൊണ്ടു മാത്രം നമ്മുടെ ജീ വിതലക്ഷ്യങ്ങളെല്ലാം സാക്ഷാല്‍ക്കരിക്കാന്‍ പോലും സാധിക്കണമെന്നില്ല.
നിക്ഷേപത്തിലൂടെ 30 വര്‍ഷത്തിനു ശേഷം ഒരു കോടി രൂപ സമ്പാദിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന ഒരാള്‍ക്ക് താന്‍ വലിയൊരു തുകയാണ് സമ്പാദിക്കാനായി ആസൂത്രണം ചെയ്‌തിരിക്കുന്നതെന്ന് തോന്നാമെങ്കിലും ഭാവിയിലെ ജീവിതആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും ആ തുക പര്യാപ്‌തമായിയെന്നുവരില്ല.
ഉദാഹരണത്തിന് നിലവില്‍ 30 വയസുള്ള ഒരാളുടെ ജീവിത ചെലവ് വര്‍ഷത്തില്‍ മൂന്ന് ലക്ഷം രൂപയാണെന്നിരിക്കട്ടെ. 30 വര്‍ഷത്തി നു ശേഷം 60 വയസില്‍ റിട്ടയര്‍മെന്റ് എന്ന ലക്ഷ്യത്തോടെ അദ്ദേഹം ഒരു ഇക്വിറ്റി മ്യൂ ച്വ ല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നു. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) പ്രകാരം 3000 രൂപയാണ് അദ്ദേഹം പ്രതിമാസം നിക്ഷേപിക്കുന്നത്. പ്രതിവര്‍ഷം 12 ശതമാനം ശരാശരി റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ 30 വര്‍ഷത്തിനു ശേഷം 1.05 കോടി രൂപ എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപ ആസൂത്രണം.
എന്നാല്‍ 30 വര്‍ഷത്തിനു ശേഷം നിലവിലുള്ള ജീവിതശൈലി നിലനിര്‍ത്തികൊണ്ട് റിട്ടയര്‍മെന്റ് ജീവിതം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് അദ്ദേഹത്തിന് ഒരു കോടി രൂപ മതിയാകുമോ? ശരാശരി പണപ്പെരുപ്പ നിരക്ക് ആറ് ശതമാനമായി കണക്കാക്കുകയാണെങ്കില്‍ 30 വര്‍ഷത്തിനു ശേഷം വരുമാനമില്ലാത്ത കാലത്തെ ജീവിത ആവശ്യങ്ങള്‍ക്കാ യി അദ്ദേഹത്തിന് പ്രതിവര്‍ഷം 17.23 ലക്ഷം രൂപ ആവശ്യമായി വരും.
അന്ന് ബാങ്ക് സ്ഥിരനിക്ഷേപത്തില്‍ നി ന്നും ലഭിക്കുന്ന പലിശ ആറ് ശതമാനമാണെങ്കില്‍ ഒരു കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചാല്‍ അദ്ദേഹത്തിന് ലഭിക്കുന്നത് ആറ് ലക്ഷം രൂപ മാത്രമായിരിക്കും. നികുതി കൂടി കിഴിച്ചാല്‍ റിട്ടേണ്‍ പിന്നെയും കുറയും. അതായത് അദ്ദേഹത്തിന് ജീവിക്കാന്‍ ആവശ്യമായ തുകയുടെ മൂന്നിലൊന്നില്‍ താഴെ മാത്രമേ ഒരു കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചാല്‍ ലഭിക്കുകയുള്ളൂ. ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പകരം ഡെറ്റ് ഫണ്ടില്‍ നിക്ഷേപിച്ചാല്‍ അല്‍ പ്പം കൂടി ഉയര്‍ന്ന റിട്ടേണ്‍ പ്രതീക്ഷിക്കാമെങ്കിലും മുകളില്‍ പറഞ്ഞ തുക ലഭിക്കില്ല.
30 വര്‍ഷത്തിനു ശേഷം നിക്ഷേപത്തില്‍ നിന്നും പ്രതിവര്‍ഷം ആറ് ശതമാനം റിട്ടേ ണിലൂടെ 17.23 ലക്ഷം രൂപ ലഭിക്കണമെങ്കി ല്‍ 2.9 കോടി രൂപ അദ്ദേഹത്തിന്റെ കൈയിലുണ്ടാകണം. നിലവിലുള്ള എസ്‌ഐപി അദ്ദേ ഹം തുടരുകയാണെങ്കില്‍ ഇത്രയും തുക ലഭിക്കാന്‍ പ്രതിവര്‍ഷം 16.5 ശതമാനം റിട്ടേണ്‍ ലഭിക്കണം. ഇത് കൈവരിക്കുക എളുപ്പമല്ല. 12 ശതമാനം പോലെ കൈവരിക്കാന്‍ സാധ്യതയുള്ള റിട്ടേണാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ പ്രതിമാസ നിക്ഷേപ തുക 8,500 രൂപയായി ഉ യര്‍ത്തണം.