കെ.അരവിന്ദ്
നിക്ഷേപകര്‍ക്കും നികുതിദായകര്‍ക്കും അ വരുടേതായ ചില അവകാശങ്ങളുണ്ട്. ഇതിനെ കുറിച്ച് മിക്കവരും ബോധവാന്മാരല്ല.
ഇന്‍ഷുറന്‍സ് പോളിസികളും മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളും വാങ്ങുമ്പോള്‍ വിതരണക്കാരന് എത്ര കമ്മിഷന്‍ ലഭിക്കുന്നുവെന്ന് അറിയാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ വിതരണക്കാരന്റെ കമ്മിഷന്‍ പോളിസി പ്രീമിയത്തെ ആശ്രയിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് പോളിസി വില്‍ക്കുന്നതിന് മുമ്പ് കമ്മിഷന്‍ സംബന്ധിച്ച വിവരങ്ങള്‍ വിതരണക്കാരന്‍ വെളിപ്പെടുത്തേണ്ടതുണ്ട്. യൂണിറ്റ് ലിങ്ക്‌ഡ് ഇന്‍ഷുറന്‍സ് പോളിസി (യുലിപ്)കളുടെ പ്രൊപ്പോസല്‍ ഫോമില്‍ തന്നെ കമ്മിഷന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കാറുണ്ട്.
ഇന്‍ഷുറന്‍സ് പോളിസിയുടെ ഏതെങ്കിലും വ്യവസ്ഥയിലോ സവിശേഷതയിലോ തൃപ്‌തനല്ലെങ്കില്‍ പോളിസി ഉടമയ്‌ക്ക് പോളിസി രേഖ സ്വീകരിച്ചതിനു ശേഷം 15 ദിവസത്തിനകം പോളിസി റദ്ദാക്കാന്‍ സാധിക്കും. ഫ്രീ-ലുക്ക് പീരിയഡ് എന്നാണ് ഈ 15 ദിവസത്തെ വിശേഷിപ്പിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ പോളിസി രേഖ വിശദമായി വായിച്ചതിനു ശേഷം പോളിസി ഉടമയ്‌ക്ക് ഒരു തീരുമാനത്തിലെത്താം. പോളിസി റദ്ദാക്കുകയാണെങ്കില്‍ അടച്ച മുഴുവന്‍ പ്രീമിയവും ഉടമയ്‌ക്ക് തിരികെ ലഭിക്കും. ഫ്രീ-ലുക്ക് പിരീയഡില്‍ പോളിസി റദ്ദാക്കുന്നതിനായി നിശ്ചിത ഫോറത്തില്‍ (ഫ്രീ ലുക്ക് റിക്വസ്റ്റ് ഫോം) പോളിസി ഉടമ അപേക്ഷ നല്‍കുകയാണ് ചെയ്യേണ്ടത്. പോളിസി റദ്ദാക്കുന്നതിനുള്ള കാരണം ബോധിപ്പിച്ചിരിക്കണം.
ബാങ്കില്‍ നിന്ന് വായ്‌പ എടുത്തവര്‍ അപ്രതീക്ഷിതമായ കാരണങ്ങളാല്‍ ഇഎംഐ തിരിച്ചടയ്‌ക്കുന്നതില്‍ വീഴ്‌ച വരുത്തുന്നത് അസാധാരണമല്ല. ആദ്യം ബാങ്കോ ധനകാര്യ സ്ഥാപനമോ 60 ദിവസത്തെ നോട്ടീസ് പീരിയഡ് നല്‍കുകയാണ് ചെയ്യുന്നത്. ഈ 60 ദിവസത്തിനിടെ നിങ്ങളുടെ പ്രതികൂല സാഹചര്യത്തെ കുറിച്ച് ബന്ധപ്പെട്ട ബാങ്ക് ഓഫീസര്‍മാരെ ധരിപ്പിക്കാവുന്നതാണ്. ഇക്കാലയളവില്‍ ബാങ്കിന്റെയോ ധനകാര്യ സ്ഥാപനത്തിന്റെയോ റിക്കവറി ഏജന്റിന് നിങ്ങളെ പീഡിപ്പിക്കാന്‍ യാതൊരു അവകാശവുമില്ല. രാവിലെ ഏഴിനും വൈകുന്നേരം ഏഴിനുമിടയില്‍ മാത്രമേ നിങ്ങളെ ഫോണില്‍ ബന്ധപ്പെടാന്‍ പാടുള്ളൂ. റിക്കവറി ഏജന്റ് നിങ്ങളെ പീഡിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുകയാണെങ്കില്‍ ബാങ്കിനെ സമീപിക്കാനും എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാനും അവകാശമുണ്ട്.
നിങ്ങളുടെ ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ദുരുപയോഗം ചെയ്‌ത് ആരെങ്കിലും പണമിടപാട് നടത്തിയാല്‍ സാമ്പത്തിക നഷ്‌ടം സഹിക്കേണ്ട ബാധ്യത നിങ്ങള്‍ക്കില്ല. ഇത്തരം ഇടപാടുകള്‍ നടന്നാല്‍ ഉടനെ ബാങ്കി നെ അറിയിച്ചിരിക്കണം. തുടര്‍ന്നുള്ള ദുരുപയോഗം ഒഴിവാക്കാന്‍ കാര്‍ഡ് ബ്ലോക്ക് ചെയ്യാവുന്നതാണ്.
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്‌ത് 90 ദിവസത്തിനുള്ളില്‍ റീഫണ്ടുണ്ടെങ്കില്‍ അത് ലഭിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. റീഫണ്ട് വൈകുകയാണെങ്കില്‍ പ്രതിമാസം റീ ഫണ്ട് തുകയുടെ നിശ്ചിത ശതമാനം പലിശയായി ലഭിക്കാന്‍ അവകാശമുണ്ട്. 90 ദിവസത്തിനുള്ളില്‍ റീഫണ്ട് ലഭിച്ചില്ലെങ്കില്‍ അസസിംഗ് ഓഫീസറെ സമീപിക്കുകയോ ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് വഴി പരാതി നല്‍കുകയോ ചെയ്യാവുന്നതാണ്.
ഒരു മ്യൂച്വല്‍ ഫണ്ടിന്റെ നിക്ഷേപ ഘടനയില്‍ എന്തെങ്കിലും മാറ്റമുണ്ടാകുകയാണെങ്കില്‍ അത് നിക്ഷേപകനെ അറിയിച്ചിരിക്കണം. മാറ്റം നിലവില്‍ വരുന്നതിന് മുമ്പ് എക്‌സിറ്റ് ലോഡ് നല്‍കാതെ ഫണ്ടില്‍ നിന്നും നിക്ഷേപം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ക്ക് അവകാശമുണ്ട്.