കെ.അരവിന്ദ്
ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയുള്ള നാലാം ത്രൈമാസത്തില്‍ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റമില്ല. മാര്‍ച്ച് 31 വരെ കഴിഞ്ഞ ത്രൈമാസത്തിലെ പലിശനിരക്ക് തുടരും.
പബ്ലിക് പ്രോവിഡന്റ് ഫണ്ടില്‍ (പിപിഎഫ്) നിന്നും ലഭിക്കുന്ന പലിശനിരക്ക് 7.1 ശതമാനമായി തുടരും. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന്റെ പലിശനിരക്ക് 7.4 ശതമാനമാണ്. സുകന്യ സമൃദ്ധി യോജന യുടെ പലിശനിരക്ക് 7.6 ശതമാനമായും തുടരും.
ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള ടൈം ഡെപ്പോ സിറ്റിന്റെ പലിശ 5.5 ശതമാനമാണ്. അഞ്ച് വര്‍ഷത്തെ ഡെപ്പോസിറ്റിന് 6.7 ശതമാനം പലിശയാണ് ലഭിക്കുന്നത്. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പലിശ നിരക്ക് 6.8 ശതമാനമാണ്. കിസാന്‍ വികാസ് പത്രയുടെ പലിശനിരക്ക് 6.9 ശതമാനമായി തുടരും. കിസാന്‍ വികാസ് പത്രയുടെ നിക്ഷേപ കാലയളവ് 124 മാസമാണ്. അഞ്ച് വര്‍ഷത്തെ റെക്കറിംഗ് ഡെപ്പോസിറ്റുകളുടെ പലിശനിരക്ക് 5.8 ശതമാനമാണ്.
മിക്ക ചെറുകിട സമ്പാദ്യ പദ്ധതികളുടെയും പലിശ നിരക്ക് ഇപ്പോഴും ബാങ്കുകളുടെ ഫിക്‌സഡ് ഡെപ്പോസിറ്റുകളേക്കാള്‍ ഉയര്‍ന്ന നിലയിലാണ്. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഓരോ സാമ്പത്തിക വര്‍ഷത്തിലും പുനര്‍നിര്‍ണയിക്കുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയത് 2016-17 സാമ്പത്തിക വര്‍ഷം മുതലാണ്. പകരം ത്രൈമാസ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ യീല്‍ഡിനെ അടിസ്ഥാനമാക്കി പലിശ നിരക്ക് പുനര്‍നിര്‍ണയിക്കുന്ന രീതി കൊണ്ടുവരികയായിരുന്നു.
എല്ലാതരം നിക്ഷേപകര്‍ക്കും നിക്ഷേപിക്കാവുന്ന സമ്പാദ്യ പദ്ധതികളില്‍ പിപിഎഫ് ആണ് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നല്‍കു ന്നത്. പിപിഎഫിലെ നിക്ഷേപ കാലയളവ് 15 വര്‍ഷമാണ്. നിക്ഷേപത്തില്‍ നിന്നുള്ള പലിശക്ക് നികുതി നല്‍കേണ്ടതില്ല എന്നതാണ് പിപിഎഫിന്റെ ആകര്‍ഷണീയത.
15 വര്‍ഷമാണ് പിപിഎഫിന്റെ നിക്ഷേപ കാലയളവ്. അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോഴുണ്ടായിരുന്ന ബാലന്‍സ് തുകയുടെ 50 ശതമാനം വരെ പിന്‍വലിക്കാനുള്ള സൗകര്യമുണ്ട്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു തവണ മാത്രമേ നിക്ഷേപം പിന്‍വലിക്കാനാകൂ. 15 വര്‍ഷത്തിനു ശേഷം അഞ്ച് വര്‍ഷം വീതമുള്ള കാലയളവുകളിലേക്ക് നിക്ഷേപം ദീര്‍ഘിപ്പിക്കാവുന്നതാണ്. ബാങ്കുകളിലോ പോസ്റ്റ് ഓഫീസിലോ പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. ചില സ്വകാര്യ ബാങ്കുകളില്‍ ഓണ്‍ലൈന്‍ വഴിയും പിപിഎഫ് നിക്ഷേപം നടത്താം. ഒരു സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി ഒന്നര ലക്ഷം രൂപ ഒന്നിച്ചോ ഗഡുക്കളായോ നിക്ഷേപിക്കാം.
ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്നത് സുകന്യ സമൃദ്ധി യോജനയാണ്. 10 വയസോ അതില്‍ താഴെയോയുള്ള പെണ്‍കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് ആരംഭിക്കാവുന്ന നിക്ഷേപ പദ്ധതിയാണ് ഇത്. പലിശ നിരക്ക് നിലവില്‍ 8.5 ശതമാനമാണ്. കാലാവധി പൂര്‍ത്തിയായതിനു ശേഷം നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന നേട്ടം നികുതി മുക്തമാണ്.