കെ.അരവിന്ദ്
സാമ്പത്തിക ആസൂത്രണം നടത്തുന്നവര്‍ അടിസ്ഥാനപരമായ സാമ്പത്തിക പരിജ്ഞാനം ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വിവിധ കാലയളവുകളില്‍ നിക്ഷേപം ക്രമീകരിക്കുന്നതിനും റിസ്‌ക് സന്നദ്ധതയ്‌ക്ക് അനുസരിച്ച് വിവിധ ആസ്‌തി മേഖലകള്‍ തിരഞ്ഞെടുക്കുന്നതിനും ഇത് ഉപകരിക്കും. എ ന്നാല്‍ ഇതിലെല്ലാമുപരിയായി മറ്റൊരു അറിവ് കൂടി ആവശ്യമാണ്. അത് സ്വയം അറിയുക എന്നതാണ്.
ഒരാളുടെ പ്രകൃതം അയാളുടെ നിക്ഷേപ രീതിയെയും ആസ്‌തി മേഖലകളുടെ തെരഞ്ഞെടുപ്പിനെയുമൊക്കെ ബാധിക്കുന്ന ഘടകമാണ്. ഓരോ സാഹചര്യത്തോടും വ്യക്തികള്‍ തങ്ങളുടെ പ്രകൃതമനുസരിച്ച് വ്യത്യസ്‌തമായാണ് പ്രതികരിക്കുക. പ്രതികൂല സാഹചര്യങ്ങളില്‍ ചിലര്‍ മാനസികമായി തകര്‍ന്നുപോയെന്നു വരാം. എന്നാല്‍ മറ്റ് ചിലര്‍ അത്തരം സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടാനുള്ള ആര്‍ജവം കാണിക്കാറുണ്ട്. നിക്ഷേപത്തിന്റെ കാര്യത്തിലും ഈ വ്യത്യാസമുണ്ട്.
“മറ്റുള്ളവര്‍ ആര്‍ത്തി പൂണ്ടിരിക്കുമ്പോള്‍ ഭയപ്പെടുക, മറ്റുള്ളവര്‍ ഭയപ്പെട്ടിരിക്കുമ്പോള്‍ ആര്‍ത്തി കാണിക്കുക” എന്നതാണ് നിക്ഷേപകരുടെ ഗുരുവായ വാറന്‍ ബുഫേയുടെ വി ഖ്യാതമായ സൂക്തം. എന്നാല്‍ എത്ര പേര്‍ ഈ മനോഭാവം കാണിക്കാറുണ്ട്? ഓഹരി വിപണി പോലുള്ള കനത്ത ചാഞ്ചാട്ടം അനുഭവപ്പെടുന്ന നിക്ഷേപ മാര്‍ഗങ്ങളില്‍ കനത്ത ഇടിവിനെ തുടര്‍ന്നുണ്ടാകുന്ന അവസരങ്ങള്‍ എത്ര പേര്‍ ഉപയോഗപ്പെടുത്താറുണ്ട്? നഷ്‌ടം സംഭവിക്കുമോയെന്ന സംശയം പൂണ്ട് ആശങ്ക പ്പെടുന്നവരായിരിക്കും ഭൂരിഭാഗവും. വല്ലപ്പോ ഴും കിട്ടുന്ന അവസരത്തെ ഉപയോഗിക്കുകയാണ് വേണ്ടത് എന്ന സമീപനം സ്വീകരിക്കുന്നവര്‍ എല്ലായ്‌പ്പോഴും ഒരു ന്യൂനപക്ഷമായിരിക്കും. ആശങ്ക മികച്ച നേട്ടം ലഭിക്കാനുള്ള സാധ്യതയെ ഇല്ലാതാക്കുന്നു. വ്യക്തികളുടെ പ്രകൃതം നിക്ഷേപത്തെ സ്വാധീനിക്കുന്നത് ഈ വിധത്തിലാണ്.
നിക്ഷേപത്തില്‍ വിജയിക്കാന്‍ സ്വയം മനസിലാക്കുക എന്നത് പരമപ്രധാനമായ കാര്യമാണ്. എന്ത്, എങ്ങനെ, എപ്പോള്‍ എന്നീ മൂന്ന് ചോദ്യങ്ങളിലൂടെ നിങ്ങള്‍ക്ക് നിങ്ങളിലെ നി ക്ഷേപകന്റെ പ്രകൃതത്തെ മനസിലാക്കാം.
ഒരു നിക്ഷേപകന്‍ എന്ന നിലയില്‍ നിങ്ങ ള്‍ എന്താണ് ചെയ്യുന്നത്, അല്ലെങ്കില്‍ എന്തൊ ക്കെ നിക്ഷേപ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാണ് നിങ്ങളുടെ കൈവശമുള്ളത് എന്ന് സ്വയം ചോദിക്കുന്നതിലൂടെ ഒരു നിക്ഷേപകന്‍ എന്ന നിലയില്‍ നിങ്ങള്‍ എവിടെ നില്‍ ക്കുന്നുവെന്ന് തിരിച്ചറിയാം. പ്രോവിഡന്റ് ഫ ണ്ടും കുറച്ച് സേവിംഗ്‌സ് നിക്ഷേപവും മാത്രമുള്ള ഒരാളാണ് നിങ്ങളെങ്കില്‍ സാമ്പത്തിക ആസൂത്രണത്തില്‍ നിങ്ങള്‍ ഏറെ മുന്നോട്ടു പോകേണ്ടതുണ്ടെന്ന് മനസിലാക്കണം. നിലവാരമില്ലാത്ത കുറെ ഓഹരികള്‍ നഷ്‌ടം വരുത്തിവെച്ച ഒരു പോര്‍ട്‌ഫോളിയോയാണ് നിങ്ങളുടെ ആകെ സമ്പത്തെങ്കില്‍ നിങ്ങള്‍ അനാവശ്യമായ റിസ്‌ക് തലയിലേറ്റി നടക്കുന്നയാളാണെന്ന് തിരിച്ചറിയണം.
എങ്ങനെയാണ് നിങ്ങള്‍ നിക്ഷേപം നടത്തുന്നത് എന്നതാണ് അടുത്ത ചോദ്യം. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) പോലുള്ള മാര്‍ഗങ്ങളിലൂടെ ക്രമീകൃതമായാണ് നിങ്ങളുടെ നിക്ഷേപമെങ്കില്‍ നിങ്ങള്‍ക്ക് അടിസ്ഥാനപരമായ ആസൂത്രണമുണ്ടെന്ന് മനസിലാക്കാം. കൈവശം വരുന്ന പണം ഒന്നിച്ച് ഏതെങ്കിലും ആസ്‌തി മേഖലയില്‍ മാത്രമായി നിക്ഷേപം നടത്തുകയാണ് ചെയ്യുന്നതെങ്കില്‍ ആസൂത്രണത്തിന്റെ പാളിച്ചയാണ് അവിടെ കാണുന്നത്.
എന്തിനാണ് നിങ്ങള്‍ നിക്ഷേപം നടത്തുന്നതെന്ന ചോദ്യം നിങ്ങളുടെ ലക്ഷ്യങ്ങളെ കുറിച്ച് ധാരണയുണ്ടാക്കാന്‍ സഹായിക്കും. ലക്ഷ്യങ്ങളുമായി ബന്ധപ്പെടുത്തിയല്ല നിങ്ങളുടെ നിക്ഷേപമെങ്കില്‍ ജീവിതലക്ഷ്യങ്ങളുടെ സാക്ഷാല്‍ക്കാരം യഥാസമയത്ത് നടക്കാതെ പോകാം.