ദക്ഷിണേന്ത്യയിലെ ആദ്യത്തെ സിനിമാസ്‌കോപ് ചിത്രം, ആദ്യമായി നിര്‍മാതാവിന് ഒരു കോടി രൂപ ബോക്‌സ് ഓഫീസ് കളക്ഷനിലൂടെ നല്‍കിയ ചിത്രം
ആര്‍ആര്‍ആര്‍ ( രൗദ്രം, രണം, രുധിരം) എന്ന തെലുങ്ക് ചിത്രം സര്‍വ്വകാല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുന്നതായാണ് ഇന്‍ഡസ്ട്രി വിദഗ്ദരുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബിഗ്ബജറ്റ് ബ്രഹ്‌മാണ്ഡ ചിത്രം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ആര്‍ആര്‍ആര്‍ ആദ്യ ദിനം തന്നെ 250 കോടി രൂപയുടെ കളക്ഷനാണ് നേടിയത്.
തെലുങ്കു വേര്‍ഷന്‍ തന്നെ 120 കോടി രൂപയാണ് ആദ്യ ദിനം നേടിയത്. രാജമൗലി തന്നെ സംവിധാനം ചെയ്ത ബാഹുബലിയുടെ റെക്കോര്‍ഡാണ് ആര്‍ആര്‍ആര്‍ തകര്‍ത്തത്.
മലയാളം വേര്‍ഷന്‍ പോലും നാലു കോടിയാണ് ആദ്യ ദിനം നേടിയത്. ആഗോളതലത്തില്‍ 240 ല്‍ പരം കോടിരൂപയാണ് ആദ്യ ദിന കളക്ഷന്‍.
അല്ലൂരി സീതാരാമരാജു എന്ന ഗോത്രവര്‍ഗ നേതാവിന്റെ ബ്രിട്ടീഷ് ഭരണാധികാരോടുള്ള ഗറില്ലാ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ അധികമാരും അറിയപ്പെടാത്ത കഥയാണ് അല്ലൂരിയുടേത്. ബ്രിട്ടീഷ് സ്ാമ്രാജ്യത്തിനെതിരെ പോരാടിയ നിരവധി ഗോത്ര വര്‍ഗ നേതാക്കളുടെ കഥ ചരിത്രത്തിലുണ്ട്. ഝാര്‍ഖണ്ഡിലെ ബിര്‍സ മുണ്ടയെ പോലുള്ളവരുടെ കഥ അതാത് നാട്ടില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവയായിരുന്നു.
അല്ലൂരി സീതാരാമരാജുവിന്റെ ബയോപിക് ആദ്യം പുറത്തുവന്നത് 1974 ലാണ്. തെലുങ്കിലെ സര്‍വ്വകാല റെക്കോര്‍ഡും തകര്‍ത്തെറിഞ്ഞ ചിത്രമായിരുന്നു അത്.
ക്ലാസിക് തെലുങ്കു സിനിമകളുടെ ഗണത്തില്‍ ഇന്നും ആദ്യ സ്ഥാനം അല്ലൂരി സീതാരാമരാജു എന്ന പേരില്‍ തന്നെ ഇറങ്ങിയ ചിത്രത്തിനുള്ളതാണ്.
ദക്ഷിണേന്ത്യയിലെ ആദ്യത്തെ സിനിമാസ്‌കോപ് ചിത്രമെന്ന ഖ്യാതിയും ഇതിനുണ്ട്. തെലുങ്ക് സിനിമയില്‍ ആദ്യമായി നിര്‍മാതാവിന് ബോക്‌സ്ഓഫീസില്‍ നിന്ന് ഒരു കോടി സമ്മാനിച്ച ചിത്രവുമാണ്.
175 ദിവസം തുടര്‍ച്ചയായി ഓടിയിട്ടാണ് അന്നത്തെ ഒരു കോടി രൂപ ലഭിച്ചത്. ഇന്നത്തെ 25 കോടി രൂപയെങ്കിലും ഇതിന് വിലയിടാം.
പത്മാലയ സ്റ്റുഡിയോസ് എന്ന സിനിമാ നിര്‍മാണ കമ്പനി നിര്‍മിച്ച് വി രാമചന്ദ്രറാവു സംവിധാനം ചെയ്ത സിനിമയില്‍ ടൈറ്റില്‍ റോളില്‍ എത്തിയത് നടന്‍ കൃഷ്ണയാണ്. വിജയനിര്‍മലയായിരുന്നു നായിക.
മികച്ച ഗാനരചനയ്ക്കുള്ള ദേശീയ പുരസ്‌കാരം പ്രമുഖ വിപ്ലവ കവിയായ ശ്രിശ്രീ എന്ന ശ്രീരംഗം ശ്രീനിവാസ റാവുവിന് ലഭിച്ചു.
നായകനടനായ കൃഷ്ണ തന്നെയാണ് ചിത്രം പത്മാലയ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ നിര്‍മിച്ചത്. ഡിഎല്‍ നാരായണ എന്ന എഴുത്തുകാരന്‍ അല്ലൂരിയെ കുറിച്ച് സിനിമ നിര്‍മിക്കാന്‍ ആലോചിക്കുകയും ശോഭന്‍ ബാബുവിനൊപ്പം പ്രൊജക്ട് പ്രഖ്യാപിക്കുകയും ചെയ്തു.
പക്ഷേ, സിനിയുടെ വര്‍ക്ക് തുടങ്ങാനായില്ല. പിന്നീട് ഡിഎല്‍ നാരായണ കൃഷ്ണയെ കാണുകയും പ്രൊജക്ടിനെ കുറിച്ച് പറയുകയും ചെയ്തു. കൃഷ്ണയും ഡിഎല്‍ നാരായണയും സംവിധായകന്‍ വി രാമചന്ദ്ര റാവുവിനെ സമീപിച്ച് കഥ പറയുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തു.
വിശാഖ പട്ടണത്തിനു സമീപമുള്ള ചിന്തപ്പള്ളി കാടുകളില്‍ വെച്ച് ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ പ്രാരംഭ ഘട്ടത്തില്‍ വിതരണക്കാര്‍ റിലീസിംഗ് ഏറ്റെടുക്കാന്‍ മടികാണിച്ചു. തെലുങ്കു സിനിമകളില്‍ സാധാരണ കാണുന്ന പ്രേമം, സെന്റിമെന്‍സ്, ആക്ഷന്‍സ് എന്നിവ ഇല്ലാത്തതിനാലാണ് പ്രമുഖ വിതരണക്കാര്‍ സിനിമ ഏറ്റെടുക്കില്ലെന്ന് അറിയിച്ചത്.
എന്നാല്‍, കൃഷ്ണ ചിത്രവുമായി മുന്നോട്ട് പോയി. സിനിമയിലെ വിപ്ലവ ഗാനങ്ങള്‍ ഹിറ്റായി. ഖണ്ഡശാല പാടിയ വീരലെവ് ര ഗാനത്തിന് ദേശിയ പുരസ്‌കാരം ലഭിച്ചു. ഒരു തെലുങ്കു സിനിമ ഗാനത്തിന് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിക്കുന്നത് ഇതാദ്യമായിരുന്നു.
താഷ്‌കെന്റ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചതോടെ രാജ്യാന്തര തലത്തിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് അല്ലൂരിയെ കുരിച്ച് സിനിമ എടുക്കാന്‍ എന്‍ടി രാമറാവു ആലോചിച്ചു. പക്ഷേ, ഇതിലും മികച്ചൊരു ചിത്രം എടുക്കാന്‍ അന്നത്തെ സംവിധായകര്‍ക്ക് ധൈര്യമുണ്ടായില്ല. കൃഷ്ണയുടെ ജീവിത സഖിയായി മാറിയ വിജയ നിര്‍മലയായിരുന്നു ചിത്രത്തിലെ നായിക.
കൃഷ്ണയുടെ ചിത്രം ഇറങ്ങി 48 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അല്ലൂരിയുടെ കഥ വീണ്ടും പറയാന്‍ എസ് എസ് രാജമൗലി തയ്യാറാകുന്നത്.
കൃഷ്ണയുടെ സിനിമ അന്ന് സകല റെക്കോര്‍ഡുകളും തകര്‍ത്തതിന്റെ തനിയാവര്‍ത്തനമാണ് രാജമൗലിയുടെ രൗദ്രം, രണം, രുധിരം എന്ന ആര്‍ആര്‍ആര്‍ തെലുങ്കു സിനിമയില്‍ പുതിയ ചരിത്രമെഴുതി നടത്തുന്നത്.