ന്യൂഡല്‍ഹി: ഡല്‍ഹിയെ വിറപ്പിച്ച് കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെ സമരരംഗത്തെ കര്‍ഷകരെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പഠിപ്പിക്കുകയാണ് ഒരുകൂട്ടം വിദ്യാര്‍ഥികള്‍. ഗാസിപൂരിലെ സമരവേദിയില്‍ പ്രത്യേക വര്‍ക് ഷോപ്പുകള്‍ സംഘടിപ്പിച്ചാണ് കര്‍ഷകരെ സമൂഹമാധ്യമ ഇടങ്ങളിലേക്ക് ഇവര്‍ സ്വാഗതം ചെയ്യുന്നത്.
ഫേസ്ബുക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ തുറക്കുക, പോസ്റ്റ് ചെയ്യുക, പോസ്റ്റുകള്‍ പങ്കുവെക്കുക, ട്രെന്‍ഡിങ് ടോപ്പിക്കുകള്‍ കണ്ടെത്തുക, കൂട്ടമായി പ്രചാരണം നടത്തുക തുടങ്ങിയ കാര്യങ്ങളാണ് കര്‍ഷകരെ പഠിപ്പിക്കുന്നത്.
സമൂഹമാധ്യമ ഉപയോഗം പരിചയപ്പെടുത്തിത്തരാന്‍ സമര രംഗത്തെത്തിയ വിദ്യാര്‍ഥികളോട് കര്‍ഷകര്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വര്‍ക് ഷോപ്പ് സംഘടിപ്പിച്ചതെന്ന് ഇവര്‍ പറയുന്നു. പ്രധാന വേദിക്ക് സമീപത്ത് ദിവസവും വൈകീട്ടാണ് ക്ലാസുകള്‍ നല്‍കുന്നത്.
നിരവധി മാധ്യമങ്ങള്‍ സമരത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും യാഥാര്‍ഥ്യം ജനങ്ങളിലേക്കെത്തിക്കാനാണ് സമൂഹമാധ്യമങ്ങളിലേക്ക് വരുന്നതെന്നും കര്‍ഷകര്‍ വ്യക്തമാക്കുന്നു. യുവ കര്‍ഷകരും പ്രായമേറിയവരുമെല്ലാം സജീവമായി രംഗത്തെത്തുകയാണ്.
കര്‍ഷകരില്‍ പലര്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമായി ഉണ്ടെങ്കിലും നവമാധ്യമങ്ങളില്‍ ഇടപെടല്‍ കുറവാണ്. സമൂഹമാധ്യമങ്ങളില്‍ മാന്യമായി ഇടപെടേണ്ടതിനെ കുറിച്ചും വിദ്യാര്‍ഥികള്‍ പഠിപ്പിക്കുന്നുണ്ട്. കര്‍ഷക സമരത്തിന് ആഗോള വ്യാപക പിന്തുണ ലഭിച്ചതും പ്രചാരണം നടക്കുന്നതും സമൂഹമാധ്യമങ്ങളിലൂടെയായതിനാല്‍ ഒരു കൈ നോക്കാന്‍ ഉറച്ചുതന്നെയാണ് പ്രക്ഷോഭ രംഗത്തുള്ളവര്‍.