ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ ഇന്ന് നടത്താനിരുന്ന പത്താംവട്ട ചര്‍ച്ച മാറ്റിവച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കായിരിക്കും ചര്‍ച്ച നടക്കുകയെന്ന് കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒന്‍പത് ചര്‍ച്ചകളും പരാജയമായിരുന്നു. ആദ്യ ചര്‍ച്ചകളില്‍ മുന്നോട്ട് വെച്ച ഉപാധികള്‍ തന്നെയാണ് ഓരോ ചര്‍ച്ചകളിലും ആവര്‍ത്തിക്കുന്നത്.
സമരം രണ്ടു മാസത്തോളം ആകുമ്പോഴും വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല, വേണമെങ്കില്‍ ഭേദഗതികളാകാമെന്ന കടുംപിടുത്തത്തിലാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തന്നെയാണ് കര്‍ഷകരുടെ നിലപാട്.
കര്‍ഷകരുമായി ചര്‍ച്ച നടത്തിയിട്ടും പരിഹാരമാകാത്ത സാഹചര്യത്തില്‍ വിഷയം പഠിക്കാന്‍ സുപ്രിംകോടതി നാല് അംഗ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ സമിതിയുമായി ചര്‍ച്ച നടത്തില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. ഇതിനിടെ, കര്‍ഷക സമരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതി നാളെ പരിഗണിക്കും.