ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷക സംഘടകള്‍ ഇന്ന് രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിക്കും. ഉച്ചയ്ക്ക് 12 മണിമുതല്‍ മൂന്ന് മണിവരെയാണ് വാഹനങ്ങള്‍ ഉപരോധിക്കുക. സമാധാനപരമായിരിക്കണം ഉപരോധമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച കര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ വഴിതടയല്‍ ഉണ്ടാവില്ലെന്ന് ഭാരതീയ കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത് അറിയിച്ചു. സ്‌കൂള്‍ ബസുകള്‍, ആംബുലന്‍സുകള്‍, അവശ്യ വസ്തുക്കളുമായി പോകുന്ന വാഹനങ്ങള്‍ എന്നിവ കടത്തിവിടുമെന്നാണ് സംയുക്തകിസാന്‍ മോര്‍ച്ച അറിയിച്ചത്. മൂന്ന് മണിക്ക് ഒരു മിനിറ്റ് വാഹനങ്ങളുടെ സൈറണ്‍ മുഴക്കി ആയിരിക്കും സമരം സമാപിക്കുക.
അതേസമയം റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കാതിരിക്കാനായി നിരകളായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കില്ലെന്നാണ് കര്‍ഷകര്‍ അറിയിച്ചത്.












