ന്യൂഡല്‍ഹി: കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷകരുടെ സമരം 40-ാം ദിവസം പിന്നിടുമ്പോള്‍ രാജ്യ തലസ്ഥാനത്തെ പ്രതികൂല കാലാവസ്ഥ സമരക്കാര്‍ക്ക് വെല്ലുവിളി ഇരട്ടിയാക്കുകയാണ്. തണുപ്പിന് പുറമെ മഴ പെയ്തതോടെ ചളി പുതഞ്ഞു കിടക്കുകയാണ് സിംഘുവിലെ സമര ഭൂമി. മാലിന്യവും ചളിയും കാരണമുണ്ടാകുന്ന ഈച്ച ശല്യവും രൂക്ഷം.
എന്നാല്‍ ഇതൊന്നും വകവെക്കാതെ കൂടുതല്‍ കര്‍ഷകര്‍ സമരത്തില്‍ പങ്കുചേരാന്‍ ദിനംപ്രതി സിംഘു അതിര്‍ത്തിയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള കര്‍ഷകര്‍ കുടുംബ സമേതമാണ് സമരമുഖത്ത് എത്തുന്നത്. തുടക്കത്തില്‍ സ്ത്രീകള്‍ കുറവായിരുന്ന സമരവേദി ഇപ്പോള്‍ സ്ത്രീകള്‍ കീഴടക്കിയ നിലയിലാണ്. മുതിര്‍ന്ന സ്ത്രീകള്‍ തന്നെയാണ് അധികവും.
കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പ്രതീകൂല കാലാവസ്ഥക്കുമൊന്നും കര്‍ഷകരുടെ ആത്മവിര്യം ചോര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. എന്തുവന്നാലും നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷക സമൂഹം.