ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകര്‍ ഡല്‍ഹിയില്‍ ഇന്ന് കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഉപാധികളോടെയുള്ള ഒരു ചര്‍ച്ചയ്ക്കും താല്‍പര്യമില്ലെന്നും സമരവേദി മാറ്റില്ലെന്നുമുള്ള ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.
സമര പരിപാടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലെ റോഡുകള്‍ ഉപരോധിക്കുമെന്നും ഗതാഗതം സ്തംഭിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഗുരുഗ്രാം, ഗാസിയാബാദ്, ഫരിദാബാദ് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തിപ്പെടുത്താനാണ് കര്‍ഷക സംഘടനകളുടെ പദ്ധതി.
ഇന്ന് ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കാനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്കെത്തുമെന്നാണ് വിവരം. ഡല്‍ഹിയിലേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങളും അടച്ചുകൊണ്ടായിരിക്കും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഇന്ന് പ്രതിരോധം തീര്‍ക്കുക.











